അർജുനെ തേടുന്ന പ്രതീക്ഷ; മണ്ണിന്റെ ആഴത്തിൽ എങ്ങനെ തിരയും റഡാർ?
Mail This Article
കോഴിക്കോട് ∙ കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടി റഡാർ ഉപയോഗിച്ച് നടത്തുന്ന തിരച്ചിലിലാണ് ഇനി പ്രതീക്ഷ. സൂരത്കൽ എൻഐടിയിലെ വിദഗ്ധരാണ് റഡാർ ഉപയോഗിച്ച് പരിശോധന നടത്തുന്നത്. മലയാളികളും സംഘത്തിലുണ്ട്. മണ്ണിടിച്ചിലും ഭൂകമ്പവും മറ്റുമുണ്ടായാൽ മണ്ണിനടിയിൽ കിടക്കുന്ന ആളുകളെയും മറ്റും കണ്ടെത്താൻ ഉപയോഗിക്കുന്നത് റഡാർ ആണ്. ഭൂമിക്കടിയിലേക്ക് തരംഗങ്ങൾ അയച്ചാണ് പരിശോധന നടത്തുന്നത്. റഡാറിന്റെ പ്രവർത്തനത്തെയും തിരച്ചിലിന് അത് ഉപയോഗിക്കുന്നതിയും പറ്റി കാലിക്കറ്റ് എൻഐടി ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം പ്രഫസർ ഡോ.ശ്രീനിവാസ റാവു മനോരമ ഓൺലൈനോട് വിശദീകരിക്കുന്നു.
‘‘മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന വസ്തുക്കളെ കണ്ടെത്താൻ ഏറ്റവും അനുയോജ്യം റഡാർ ഉപയോഗിച്ചുള്ള തിരച്ചിലാണ്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ആണ് ഉപയോഗിക്കുന്നത്. ഒരു ആന്റിനയിൽ തരംഗങ്ങളെ ഭൂമിക്കടിയിലേക്ക് കടത്തിവിടും. തരംഗം സഞ്ചരിച്ച് ആന്റിനയിലേക്ക് തിരികെ എത്തും. ഈ തരംഗങ്ങളെ വിശകലനം ചെയ്താണ് ഭൂമിക്കടിയിൽ എന്താണുള്ളതെന്ന് മനസ്സിലാക്കുക. വീൽ ചെയർ പോലെ ഉന്തിക്കൊണ്ടു നടന്ന് ഉപയോഗിക്കാവുന്ന റഡാറുകളുണ്ട്. ഇവ എല്ലാത്തരം പ്രദേശങ്ങളിലും ഉപയോഗിക്കാം. സംശയമുള്ള സ്ഥലങ്ങളിലെല്ലാം റഡാർ എത്തിച്ച് തരംഗങ്ങൾ അയച്ച് പരിശോധിക്കാം. റഡാറിൽനിന്നു ലഭിക്കുന്ന ആംപ്ലിറ്റ്യൂഡും മറ്റും പരിശോധിച്ചാണ് എന്തുതരം വസ്തുവാണ് അടിയിലുള്ളതെന്ന് കണ്ടെത്തുന്നത്.
പല തരം റഡാറുകൾ ഉപയോഗിക്കുന്നുണ്ട്. ഒരു മീറ്റർ മുതൽ 20 മീറ്റർ വരെ ആഴത്തിലുള്ള വസ്തുക്കളെ കണ്ടെത്താൻ ഇതുവഴി സാധിക്കും. 20 മീറ്ററിലും ആഴത്തിലുള്ള വസ്തുക്കളെ കണ്ടെത്താൻ സാധിക്കുന്ന റഡാറുകളുമുണ്ട്. സിഗ്നലിന്റെ ഫ്രീക്വൻസിയും ഉപയോഗിക്കുന്ന ആന്റിനയുടെ എണ്ണവും അനുസരിച്ചായിരിക്കും റഡാറിന്റെ പ്രവർത്തനം. മനുഷ്യ ശരീരം ഉൾപ്പെടെയുള്ളവ കൃത്യമായി തിരിച്ചറിയാൻ സാധിക്കും.
ഓരോ സ്ഥലത്തിന്റെയും പ്രത്യേകത അനുസരിച്ചുള്ള റഡാർ ആണ് ഉപയോഗിക്കുന്നത്. ഭൂകമ്പം ഉണ്ടായ സ്ഥലത്തും മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തും ഉപയോഗിക്കുന്നത് വ്യത്യസ്തമായ റഡാറുകളാണ്. ജലസാന്നിധ്യമുള്ള സ്ഥലത്ത് ഉപയോഗിക്കുന്നത് വേറെ തരം റഡാറുകളാണ്. തരംഗങ്ങൾ അപഗ്രഥിച്ച് ലഭിക്കുന്ന ഫലം വളരെ കൃത്യമായിരിക്കും. അതായത്, മണ്ണിനടയിൽ മനുഷ്യ ശരീരമാണോ ലോഹമാണോ മറ്റെന്തെങ്കിലുമാണോ എന്ന് കൃത്യമായി അപഗ്രഥിക്കാൻ സാധിക്കും. ഖനനം നടക്കുന്ന മേഖലയിലും മണ്ണിടിച്ചിലുണ്ടാകുന്ന മേഖലയിലും റഡാർ കൃത്യമായി പ്രവർത്തിക്കും. പരിശോധന ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ഫലം ലഭിക്കും. കണാതായ ആളുടെ കയ്യിൽ ഫോണോ മറ്റെന്തെങ്കിലും ഉപകരണമോ ഉണ്ടെങ്കിൽ വളരെ പെട്ടെന്നു കണ്ടെത്താം.
മണ്ണിനടിയിൽ കുടുങ്ങിയ ആൾക്ക് ജീവനുണ്ടോ എന്നു കണ്ടെത്താൻ സാധിക്കുന്ന റഡാറുകൾ നിലവിലുണ്ട്. ഹൃദയമിടിപ്പുണ്ടോ എന്ന പരിശോധിച്ചാണ് ജീവനുണ്ടോ എന്ന് സ്ഥിരീകരിക്കുന്നത്. ഹൃദയമിടിപ്പ് പരിശോധിക്കാൻ സാധിക്കുന്ന തരത്തിലുള്ള സിഗ്നലുകൾ കടത്തിവിട്ടാണ് പരിശോധന നടത്തുക. ഷിരൂരിൽ മണ്ണിടിഞ്ഞ സ്ഥലത്തും ഏറ്റവും ഫലപ്രദമായി തിരച്ചിൽ നടത്താൻ സാധിക്കുന്നത് റഡാർ ഉപയോഗിച്ചായിരിക്കും’’.– ഡോ.ശ്രീനിവാസ റാവു പറഞ്ഞു.
ചൊവ്വാഴ്ചയാണ് അർജുനെ കാണാതായത്. അർജുൻ അവസാനമായി സംസാരിച്ചത് മണ്ണിടിച്ചിലുണ്ടായ പ്രദേശത്തുനിന്നാണ്. ഈ പ്രദേശത്തു നിന്നാണ് ലോറിയുടെ ജിപിഎസ് സിഗ്നൽ ലഭിച്ചതും. മണ്ണ് ഇടിഞ്ഞുവീഴുമ്പോൾ ഇവിടെ 3 ടാങ്കറുകളും ഒരു ലോറിയും ഒരു കാറും നിർത്തിയിട്ടിരുന്നതായാണു വിവരം. അർജുനും മറ്റു 2 പേരും മണ്ണിനടിയിലുണ്ടെന്നാണു നിഗമനം. മണ്ണിടിഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന വാഹനങ്ങളും ആളുകളിൽ പലരും നദിയിലേക്ക് ഒലിച്ചുപോയിരുന്നു. ചായക്കട ഉടമ, ഭാര്യ, 2 കുട്ടികൾ, ഇവരുടെ ബന്ധു, തമിഴ്നാട് സ്വദേശിയായ ടാങ്കർ ലോറി ഡ്രൈവർ, തിരിച്ചറിയാത്ത ഒരാൾ എന്നിങ്ങനെ 7 പേരുടെ മൃതദേഹങ്ങൾ ഇതുവരെ ലഭിച്ചിട്ടുണ്ട്.