ADVERTISEMENT

തിരുവനന്തപുരം ∙ 8 മാസം മുൻപു ജയിലിൽ ടി.പി കേസ് കുറ്റവാളി കൊടി സുനിയും സംഘവുമുണ്ടാക്കിയ കലാപം നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. സംഭവമുണ്ടായപ്പോൾ കൊടി സുനിയുടെ അഭിഭാഷകനും സുഹൃത്തുക്കളും ഈ ഉദ്യോഗസ്ഥന്റെ പേര് പരാമർശിച്ചു വിമർശിച്ചിരുന്നു. സ്വന്തം ജില്ലയായ തൃശൂരിൽനിന്ന് എറണാകുളത്തേക്കാണു മാനദണ്ഡം ലംഘിച്ചുള്ള സ്ഥലംമാറ്റം. കലാപം നിയന്ത്രിക്കാൻ മുന്നിൽനിന്ന മറ്റൊരുദ്യോഗസ്ഥനെ നേരത്തേ മലപ്പുറത്തേക്കു മാറ്റിയിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ ദേഹപരിശോധനയ്ക്കായി ഡോഗ് സ്ക്വാഡിനെ പുതിയ ജയിൽ സൂപ്രണ്ട് രംഗത്തിറക്കിയതിനു പിന്നാലെ സ്ക്വാഡിലെ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി. അതേസമയം, പെരിയ ഇരട്ടക്കൊലക്കേസിലെ തടവുകാരെ വഴിവിട്ടു സഹായിച്ചുവെന്ന ആക്ഷേപം നേരിടുന്ന ഉദ്യോഗസ്ഥനു വിയ്യൂരിൽ ഒരുവർഷം പോലും തികയുന്നതിനു മുൻപു സ്വന്തം ജില്ലയായ എറണാകുളത്തേക്കും മാറ്റം നൽകി. 

ജയിൽ മാറ്റത്തിനു വേണ്ടി തുടർച്ചയായി ജയിലിൽ പ്രശ്നമുണ്ടാക്കിയിരുന്ന കൊടി സുനി ഇതേ ഉദ്ദേശ്യത്തോടെ അതിസുരക്ഷാ ജയിലിൽ തുടങ്ങിവച്ച പ്രശ്നം പിന്നീട് കലാപമായി മാറുകയായിരുന്നു. ജയിലിന്റെ നിയന്ത്രണം തടവുകാർ ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായതോടെ തൊട്ടടുത്ത വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ഉദ്യോഗസ്ഥരെത്തിയാണു കലാപം നിയന്ത്രിച്ചത്. ഇക്കൂട്ടത്തിലുണ്ടായിരുന്ന ഡപ്യൂട്ടി പ്രിസൺ ഓഫിസറെ ഒരാഴ്ചയ്ക്കകം തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. പരാതി നൽകി ഒരുമാസത്തിനുശേഷം വിയ്യൂരിലേക്കു തിരികെ വരാനായെങ്കിലും മറ്റൊരു ജയിലിൽ നിയമിച്ചു. 

കഴിഞ്ഞ ദിവസം മധ്യമേഖലയിലെ 90 അസി.പ്രിസൺ ഓഫിസർമാരെ സ്ഥലം മാറ്റിയപ്പോഴാണ് ഇക്കൂട്ടത്തിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനെ എറണാകുളത്തേക്കു മാറ്റിയത്. ഒരേ സ്ഥലത്ത് 3 വർഷം കഴിഞ്ഞവരെയാണു പൊതു സ്ഥലം മാറ്റത്തിനു പരിഗണിക്കുന്നതെന്നിരിക്കെയാണ് അതിനു മുൻപുള്ള മാറ്റം. കഴിഞ്ഞയാഴ്ച മുതൽ വിയ്യൂർ സെൻട്രൽ ജയിലിൽ പുറത്തുപോയി എത്തുന്ന തടവുകാരെ പരിശോധിക്കാൻ ഡോഗ് സ്ക്വാഡിനെ നിയോഗിച്ചു. ഇതിനു പിന്നാലെയാണ് സ്ക്വാഡിലുള്ളവരെയും മാറ്റിയത്. 

English Summary:

Police officer who stopped Kodi Suni's riots in jail got transferred

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com