ADVERTISEMENT

ന്യൂഡൽഹി ∙ ഇടുക്കിയിലെ 2 ലക്ഷം ഏക്കറിലേറെ സ്ഥലം വനഭൂമിയാണെന്നു സ്ഥാപിക്കാൻ സുപ്രീംകോടതി മുൻപാകെ സമർപ്പിക്കപ്പെട്ടത് കൃത്രിമരേഖകളാണെന്നു കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ സെൻട്രൽ എംപവേഡ് കമ്മിറ്റി(സിഇസി)യെ അറിയിച്ചു. സിഇസിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ച കൃത്രിമത്വം ബോധ്യപ്പെടുത്തുന്നതിനായി ഏതാനും രേഖകളും ഹാജരാക്കി.

കൃത്രിമത്വം കാട്ടിയെന്ന് ചൂണ്ടിക്കാട്ടി കാർഡമം ഗ്രോവേഴ്സ് അസോസിയേഷനു വേണ്ടി അഭിഭാഷകനും സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ ഷൈൻ വർഗീസ് സിഇസിക്കു മുൻപാകെ വാദങ്ങൾ ഉന്നയിച്ചു. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, ലാൻഡ് റവന്യു കമ്മിഷണർ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, കോട്ടയം ജില്ലാ ഫോറസ്റ്റ് ഓഫിസർ, വൺ എർത്ത് വൺ ലൈഫ് പ്രതിനിധി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതിയുടെ പരിഗണനയ്ക്കായി പുതിയ റിപ്പോർട്ട് സിഇസി അമിക്കസ് ക്യൂറി കെ. പരമേശ്വർ വഴി നൽകും. ജഡ്ജിമാരായ ബി.ആർ.ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് നാളെ ഹർജി പരിഗണിക്കുന്നത്.

രേഖകൾ പറയും 

തൊടുപുഴ താലൂക്കിലെ കരിമണ്ണൂർ, കാരിക്കോട് വില്ലേജുകളിൽ ഉൾപ്പെട്ട 15720 ഏക്കർ സ്ഥലം റിസർവ് വനമായി 1897 ഓഗസ്റ്റ് 24നു തിരുവിതാംകൂർ സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നുവെന്നും ഈ വിജ്ഞാപനത്തിലെ പേജ് നമ്പറിലും സ്ഥലവിസ്തീർണത്തിലും തിരുത്തു വരുത്തിയെന്നും അസോസിയേഷൻ സിഇസിയെ അറിയിച്ചു.  യഥാർഥ വിജ്ഞാപനത്തിലെ 15720 എന്ന അക്കത്തിനു മുൻപിൽ 2 എന്ന് കൂട്ടിച്ചേർത്ത് 215720 ഏക്കറാണ് വനഭൂമി എന്ന് തിരുത്തി രേഖയുണ്ടാക്കി. ഇത് 334 ചതുരശ്രമൈൽ എന്നും രേഖപ്പെടുത്തി. ഗസറ്റിലെ പേജ് നമ്പർ 1392 എന്നതിനു പകരം 1932 എന്നാക്കി തുടങ്ങിയ വാദങ്ങളാണ് അസോസിയേഷൻ ഉന്നയിച്ചത്. 

അസോസിയേഷൻ പ്രസിഡന്റ് ആന്റണി കെ. മാത്യു, വൈസ് പ്രസിഡന്റ് ചിത്ര കൃഷ്ണൻകുട്ടി, ജനറൽ സെക്രട്ടറി ഷൈൻ വർഗീസ്, ജിൻസ് മാത്യു, അസോസിയേഷൻ നിർവാഹക സമിതി അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് അസോസിയേഷനു വേണ്ടി ഹാജരായത്. രേഖയുടെ ആധികാരികതയാണ് സുപ്രീം കോടതിക്കു മുൻപിലുള്ള വിഷയം. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാടും നിർണായകമാണ്. ഇതുകൂടി പരിഗണിച്ചാകും സിഇസിയുടെ റിപ്പോർട്ട്.

അതേസമയം, ഏലമലക്കാടുകൾ വനഭൂമിയെന്നു വരുത്തിത്തീർക്കാൻ വ്യാജരേഖ ചമച്ചെന്ന് ആരോപണം നേരിടുന്ന വൺ എർത്ത് വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടന സിഇസിക്ക് ഇ–മെയിൽ വഴി മറുപടി നൽകി. ഏലമലക്കാടുകൾ റിസർവ് വനമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 2003ൽ സുപ്രീം കോടതിയെ സമീപിച്ചത് ഈ സംഘടനയാണ്.

കാർഡമം ഹിൽ റിസർവ്  15720 ഏക്കർ മാത്രമേയുള്ളുവെന്ന  റവന്യു വകുപ്പിന്റെ വാദം തള്ളണമെന്നാണ് സിഇസിക്ക് സംഘടനയുടെ ലീഗൽ സെൽ ഡയറക്ടർ ടോണി തോമസ് നൽകിയ മറുപടിയിലുള്ളത്. തിരുവിതാംകൂർ വന നിയമപ്രകാരം സംരക്ഷിതവനം വിസ്തീർണം വച്ചല്ല, അതിരു വച്ചാണ്, രാജഭരണകാലത്ത് സംരക്ഷിത വനമേഖല ഏക്കറിലല്ല  തുടങ്ങിയ വാദങ്ങളാണ് വൺ എർത്ത് വൺ ലൈഫിന്റേത്.

English Summary:

Argument that the documents submitted in Supreme Court are forged about two lakh acres of land in Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com