വയലാർ രവിയെ കാണാൻ ചിദംബരം വീട്ടിലെത്തി
Mail This Article
കൊച്ചി ∙ മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയുടെ കാക്കനാട് വാഴക്കാലയിലെ വീട്ടിലേക്ക് ഞായറാഴ്ച രാവിലെ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി; കോൺഗ്രസ് പ്രവർത്തക സമിതി അംഗം പി.ചിദംബരം. രാവിലെ 9 മണിയോടെ വയലാർ രവിയെ കാണാനെത്തിയ ചിദംബരം അര മണിക്കൂറിലേറെ ചെലവിട്ടാണു മടങ്ങിയത്.
ചിദംബരത്തെ കണ്ട് ഏറെ ആഹ്ലാദവാനായി കോൺഗ്രസുകാരുടെ വയലാർജി. അര നൂറ്റാണ്ടിലേറെ മുൻപ്, 1972ൽ കോൺഗ്രസിന്റെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ പ്രവർത്തക സമിതി അംഗമായിരുന്ന വയലാർ രവിക്കു ചിദംബരത്തിന്റെ രാഷ്ട്രീയജീവിതത്തിലും നിർണായകമായ സ്വാധീനമുണ്ട്. യൂത്ത് കോൺഗ്രസിന്റെയും എൻഎസ്‌യുവിന്റെയും ചുമതലയുള്ള പ്രവർത്തകസമിതി അംഗമായിരിക്കെ വയലാർ രവിയാണു പി.ചിദംബരത്തെ യൂത്ത് കോൺഗ്രസ് തമിഴ്നാട് ഘടകം പ്രസിഡന്റാക്കിയത്. ചിദംബരത്തിന്റെ രാഷ്ട്രീയജീവിതത്തിൽ ഏറെ വഴിത്തിരിവുണ്ടാക്കിയ തീരുമാനമായിരുന്നു അത്. അന്നുതൊട്ടുള്ള ബന്ധം പിന്നീടു വളർന്നു. മൻമോഹൻ സിങ്ങിന്റെ രണ്ടു മന്ത്രിസഭകളിലും ഇരുവരും കാബിനറ്റ് മന്ത്രിമാരായി.
ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ചിദംബരം പ്രസംഗത്തിൽ, കേരളത്തിലെ തലയെടുപ്പുള്ള കോൺഗ്രസ് നേതാക്കളെ പ്രത്യേകം പരാമർശിച്ചു. വയലാർ രവിയെ കാണാനും സംസാരിക്കാനുമായതു ഭാഗ്യം. ഉമ്മൻ ചാണ്ടി ഇന്നു നമ്മോടൊപ്പമില്ലെന്നതു വേദനിപ്പിക്കുന്നു – ചിദംബരം പറഞ്ഞു.