ADVERTISEMENT

തിരുവനന്തപുരം∙ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മുൻഗണനാക്രമം മൂന്നു ദിവസങ്ങളിലായി ചേർന്ന സിപിഎം സംസ്ഥാന നേതൃയോഗം സർക്കാരിനു മുൻപിൽ വച്ചു. എല്ലാ പ്രവർത്തനങ്ങളും സാധ്യമാകുമെന്നു കരുതി മുൻഗണന നിശ്ചയിക്കാതെയാണ് ഇതുവരെ സർക്കാർ പ്രവർത്തിച്ചതെന്നും കേന്ദ്ര നയം മൂലം സാമ്പത്തിക സ്ഥിതി മോശമായതിനാലാണു മുൻഗണനാക്രമം നിർദേശിച്ചതെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. നഗരമേഖലകളിലെ പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തും. സാധാരണക്കാരുടെ പ്രശ്നങ്ങൾ സർക്കാർ കൂടുതൽ വ്യക്തതയോടെ കൈകാര്യം ചെയ്യുമെന്നും മൂന്നു ദിവസങ്ങളിലായി ചേർന്ന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങൾക്കുശേഷം അദ്ദേഹം പറഞ്ഞു.

ആമയിഴഞ്ചാൻ തോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മാലിന്യ പ്രശ്നം ജനകീയ പിന്തുണയോടെ പരിഹരിക്കുന്നതിനുള്ള ശ്രമം സിപിഎം നടത്തും. ഗ്രാമീണ റോഡുകളുടെ തകർച്ച പ്രധാന പ്രശ്നമായി പാർട്ടി കാണുന്നു. എന്നാൽ ഇതിനായി സർക്കാർ 1000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. ‘ബ്ലൂ ഇക്കോണമി’ വിഷയത്തിൽ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കും. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ സൈബർ ആക്രമണം നടത്തുന്നതു ചെറുക്കുമെന്ന്, മുഖ്യമന്ത്രിയെ പുകഴ്ത്തിയ വിസിൽ എംഡി ദിവ്യ എസ്.അയ്യർ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ എന്നിവർക്കെതിരെയുള്ള സൈബർ പ്രചാരണം പരാമർശിച്ച് എം.വി.ഗോവിന്ദൻ പറഞ്ഞു.

വിശ്വാസികളെ വർഗീയവൽക്കരിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ശാസ്ത്രീയമായി പ്രതിരോധിക്കും. ബിഡിജെഎസിനെ ഉപകരണമാക്കി എസ്എൻഡിപിയിൽ ആർഎസ്എസ് അജൻഡ നടപ്പാക്കുകയാണ്. ശ്രീനാരായണ ഗുരുവിന്റെ മതനിരപേക്ഷ പ്രസ്ഥാനത്തെ കാവിവൽക്കരിക്കാൻ ശ്രമിച്ചാൽ എസ്എൻഡിപി യോഗം നേതൃത്വത്തെ ഇനിയും വിമർശിക്കും. മുസ്‍ലിം ലീഗ് മതരാഷ്ട്രവാദികളുമായി യോജിച്ചു പ്രവർത്തിക്കുകയാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. കാസ ഉൾപ്പെടെയുള്ള ക്രിസ്തീയ സംഘടനകളും തീവ്ര നിലപാട് സ്വീകരിക്കുന്നു.

ആരാധനാലയങ്ങൾ വിശ്വാസികൾക്കു വിട്ടുകൊടുക്കണം. വിശ്വാസികളാരും വർഗീയവാദികളല്ല, വർഗീയവാദികൾ വിശ്വാസികളുമല്ല. ആർഎസ്എസിന്റെ ശാഖാ പ്രവർത്തനം ഗുണ്ടാ പ്രവർത്തനമാണ്. എവിടെ കുത്തിയാലാണ് എതിരാളി എളുപ്പം ചാവുക എന്നാണ് അവർ ശാഖകളിൽ പഠിപ്പിക്കുന്നത്. സിപിഎം അംഗങ്ങളിൽ വിശ്വാസികളുണ്ട്. അക്കാര്യം തുറന്നുസമ്മതിക്കുന്നതിൽ ആശങ്ക വേണ്ട. പാർട്ടി അംഗങ്ങളെ ആരാധനയിൽനിന്നും വിശ്വാസത്തിൽനിന്നും വിലക്കാൻ തീരുമാനിച്ചിട്ടില്ല. കേന്ദ്ര നേതാക്കൾ കൂടി പങ്കെടുത്ത നേതൃയോഗത്തിൽ അടുത്ത സംസ്ഥാന സമ്മേളനത്തിന്റെ അജൻഡ നിശ്ചയിച്ചതായും സെക്രട്ടറി പറഞ്ഞു.

‘ഇ.പി വിവാദം ചർച്ചചെയ്യും’

ഇ.പി.ജയരാജൻ തിരഞ്ഞെടുപ്പു സമയത്തു ബിജെപിയുമായി ബന്ധപ്പെട്ടുയർത്തിയ വിവാദം പാർട്ടി ചർച്ച ചെയ്യുമെന്ന് എം.വി.ഗോവിന്ദൻ. സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുന്ന അടുത്ത സംസ്ഥാന സമിതിയിൽ ഇക്കാര്യം വരും.

English Summary:

CPM to prioritize problems of common people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com