ഒരു ദലിത് പെൺകുട്ടി പഠനകാലത്ത് നേരിടേണ്ടി വന്ന അവഹേളനങ്ങളും ദുരിതങ്ങളും; രജനിയുടെ ആത്മകഥ ഇനി പാഠപുസ്തകം
Mail This Article
കടുത്തുരുത്തി ∙ രജനി പാലാംപറമ്പിലിന്റെ ‘ആ നെല്ലിമരം പുല്ലാണ്’ ഇനി എംജി സർവകലാശാലയിൽ പാഠപുസ്തകം. ബിഎ മലയാളം സിലബസിലാണ് ‘ആ നെല്ലിമരം പുല്ലാണ്’ പഠനത്തിനായി ഉൾപ്പെടുത്തുന്നത്. കടുത്തുരുത്തി സ്വദേശിനി രജനിയുടെ ആത്മകഥയാണ്; ആദ്യ പുസ്തകവും.
നെല്ലിമരം മലയാളിക്ക് സ്കൂൾ കാലഘട്ടത്തിലെ മധുരിക്കുന്ന ഓർമയാണ്. എന്നാൽ രജനിക്ക് അത് ആഴത്തിലേറ്റ മുറിവാണ്. 2021ലാണ് രജനിയുടെ ആത്മകഥ പുറത്തിറങ്ങിയത്. ഒരു ദലിത് പെൺകുട്ടി പഠനകാലത്ത് നേരിടേണ്ടി വന്ന അവഹേളനങ്ങളും ദുരിതങ്ങളുമാണ് ഈ പുസ്തകം.
കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ ആറു മക്കളിൽ ഇളയ ആളാണ് രജനി. ഡിജിറ്റൽ റീസർവേയുടെ ഭാഗമായി ഇപ്പോൾ താൽക്കാലിക ജോലിയുണ്ട്. ഭർത്താവിന്റെ മരണശേഷമാണ് രജനി എഴുത്തു തുടങ്ങിയത്. തന്റെ പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും ഇങ്ങനെയും ഒരു ജീവിതം ഉണ്ടായിരുന്നു എന്ന് കുട്ടികൾ അറിയട്ടെ എന്നും രജനി പറയുന്നു.
ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ കടുത്തുരുത്തി ഗവ.ഹൈസ്കൂളിലാണ് രജനി പഠിച്ചത്. നിറം കറുപ്പായതിനാൽ കറമ്പി എന്നാണു വിളിച്ചിരുന്നത്. ഉന്നത സമുദായത്തിലെ കുട്ടികൾക്കൊക്കെ സ്കൂളിൽ മികച്ച പരിഗണന കിട്ടിയിരുന്നു. മലയാളം നന്നായി പഠിക്കുന്നതു കൊണ്ട് മലയാളം അധ്യാപകർക്ക് നല്ല സ്നേഹമായിരുന്നു: രജനി ഓർമിക്കുന്നു.
വീട് പാടത്തിന്റെ ഒത്തനടുക്ക് ഓല മേഞ്ഞതായിരുന്നു. ചെളി നിറഞ്ഞ അതിർവരമ്പുകൾ ആയിരുന്നു വഴി. കവികളൊക്കെ പാടം, വരമ്പ് എന്നൊക്കെ പറഞ്ഞ് വാഴ്ത്തുമെങ്കിലും വിഷപ്പാമ്പുകളും ഞണ്ടുകളുമുള്ള ചെളിയുടെ ചീഞ്ഞ മണം വമിക്കുന്ന വരമ്പത്തുകൂടി വേണം സ്കൂളിൽ പോകാൻ. ജൂൺ, ജൂലൈ മാസങ്ങൾ ആയാൽ പാടത്ത് വെള്ളം പൊങ്ങും. പിന്നീടുള്ള യാത്ര അതിലും ദുഷ്കരമാകും. പലപ്പോഴും വിഷപ്പാമ്പിനെ പേടിച്ചാകും സ്കൂളിൽ പോവുക.
മഴക്കാലത്ത് വീടിനകത്ത് വെള്ളം കയറുമ്പോൾ പാമ്പുകളൊക്കെ കയറി വരും. അച്ഛൻ കമുകു വെട്ടി തട്ട് ഉണ്ടാക്കും. ഞങ്ങൾ അതിന്റെ മുകളിൽ കയറി ഇരിക്കും. കുറച്ചു കഴിഞ്ഞു വെള്ളം ഇറങ്ങുമ്പോൾ വീട് മുഴുവനും ചെളി ആയിരിക്കും: തന്റെ ബാല്യകാലം രജനി പുസ്തകത്തിൽ വിവരിക്കുന്നത് ഇങ്ങനെ.
ചങ്ങനാശേരി എൻഎസ്എസ് കോളജിൽ ആയിരുന്നു ഡിഗ്രിക്കു പഠിച്ചത്. കോട്ടയം സിഎംഎസ് കോളജിൽ എംഎ സോഷ്യോളജിക്കു ചേർന്നു. ഒരു വർഷം പൂർത്തിയാകും മുൻപ് വിവാഹം കഴിഞ്ഞു. പഠനം അവിടെ അവസാനിപ്പിക്കേണ്ടി വന്നു. മകൾ ജനിച്ച് മൂന്നു വർഷം കഴിഞ്ഞപ്പോൾ ബിഎഡ് നേടി. കുറച്ചു കാലങ്ങൾക്ക് ശേഷം ഭർത്താവ് മരിച്ചു. പലയിടത്തും ജോലി ചെയ്തു. എസ്‌സി പ്രമോട്ടർ ആയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വരുന്ന ഒഴിവുകളിലും മരുന്ന് ഷോപ്പിൽ കാഷ്യർ ആയും അങ്ങനെ പല പല ജോലികൾ.
രണ്ടു തവണ പിഎസ്‍സി പരീക്ഷ പാസായെങ്കിലും ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതിനാൽ സർക്കാർ ജോലി കിട്ടിയില്ല. ഇപ്പോൾ വയസ്സ് 46 ആയി. മകൾ അപർണ മോഹൻ എംഎസ്ഡബ്ല്യു പാസായി. മകൻ ആനന്ദ് മോഹൻ പ്ലസ്ടു കഴിഞ്ഞു.
സംവരണമുള്ളവരും പട്ടികജാതിക്കാരും എല്ലാ അവകാശങ്ങളും തട്ടിയെടുക്കുന്നു എന്നു പറയുന്നവരുള്ള കേരളത്തിൽ ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും എനിക്കൊരു നല്ല ജോലി കിട്ടിയിട്ടില്ല എന്ന വിഷമമുണ്ട്– രജനി പറയുന്നു. ആ നെല്ലിമരം പുല്ലാണ് എന്ന ആത്മകഥയ്ക്കു ശേഷം ‘പെൺ കനൽ രേഖകൾ’ എന്ന പുസ്തകം പുറത്തിറക്കിയിരുന്നു. ഇപ്പോൾ ചെറുകഥാസമാഹാരത്തിന്റെ രചനയിലാണ് രജനി.