ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു ബിജെപി ലോക്സഭയിലേക്ക് അക്കൗണ്ട് തുറന്നിട്ടും ബജറ്റിൽ കേരളത്തിന്റെ അക്കൗണ്ട് തുറക്കാതെ കേന്ദ്രസർക്കാർ. ചരിത്രത്തിലാദ്യമായി കേരളത്തിൽനിന്ന് എംപിയും 2 കേന്ദ്രമന്ത്രിമാരുമുണ്ടായിട്ടും അതിന്റെ സ്വാധീനം ബജറ്റിൽ പ്രതിഫലിച്ചില്ല. ബിജെപി നേതാക്കൾ ബജറ്റിനെ പലതരത്തിൽ ന്യായീകരിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയമായി മറുപടി പറയാൻ ബുദ്ധിമുട്ടും.

പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പുകളുടെ സഹമന്ത്രിയാണു സുരേഷ്ഗോപി. കേരളത്തിനു വലിയ പ്രതീക്ഷയുള്ള മേഖലയാണു ടൂറിസം. എന്നാൽ, സുരേഷ് ഗോപി ‘ഇംപാക്ട്’ ബജറ്റിലുണ്ടായില്ല. പല സംസ്ഥാനങ്ങളിലും തീർഥാടക ടൂറിസത്തിനു ബജറ്റിൽ വലിയ പദ്ധതികൾ പ്രഖ്യാപിച്ചപ്പോഴാണു കേരളത്തെ തഴഞ്ഞത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ വരവോടെ പ്രകൃതിവാതക കയറ്റുമതി ലക്ഷ്യമിട്ട് ഈ മേഖലയിൽ കേരളത്തിൽ മുതൽ മുടക്കാൻ ഒട്ടേറെ കമ്പനികൾ രംഗത്തെത്തിയിരുന്നു. എന്നാൽ, വലിയ കയറ്റുമതി സാധ്യതകൾ തുറന്നിട്ടും പ്രകൃതി വാതകത്തിന്റെ മേഖലയിലും കേരളത്തിനു ഗുണകരമായ പ്രഖ്യാപനങ്ങളില്ല.

കേരളത്തിലെ തൊഴിൽ മേഖലയുമായി ഏറ്റവുമധികം ബന്ധപ്പെട്ടു കിടക്കുന്ന മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നിവയുടെ സഹമന്ത്രിയാണു ജോർജ് കുര്യൻ. സമുദ്രോൽപന്ന കയറ്റുമതിയിൽ ഇളവുകൾ പ്രഖ്യാപിച്ചതും മത്സ്യത്തീറ്റയുടെ നികുതി കുറച്ചതും കേരളത്തിലെ മത്സ്യമേഖലയ്ക്കും ഗുണകരമാണെങ്കിലും കേരളത്തിനു മാത്രമായി ഈ രംഗത്തു പദ്ധതികളൊന്നുമില്ലെന്നതു ക്ഷീണമാണ്.

കേരളത്തിലെ വിവിധ സ്ഥാപനങ്ങൾക്കുള്ള തുക 

റബർ ബോർഡ്: 320 കോടി.

സ്പൈസസ് ബോർഡ്: 130 കോടി.

എച്ച്എൽഎൽ ലൈഫ്കെയർ, തിരുവനന്തപുരം: 15 കോടി.

കൊച്ചിൻ പോർട്ട് ട്രസ്റ്റ്: 77.55 കോടി.

കൊച്ചിൻ കപ്പൽശാല: 355 കോടി.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം: 129.50 കോടി.

നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, തിരുവനന്തപുരം: 17.39 കോടി.

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (തിരുവനന്തപുരം) അടക്കം രാജ്യത്തെ വിവിധയിടങ്ങളിലായുള്ള 25 സ്വയംഭരണ സ്ഥാപനങ്ങൾക്ക്: 1612.20 കോടി. 

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഉൾപ്പെടെയുള്ള സ്വയംഭരണ സ്ഥാപനങ്ങൾക്ക്: 940.66 കോടി. 

തിരുവനന്തപുരത്ത് അടക്കമുള്ള സിഡാക് സെന്ററുകൾക്ക്: 270 കോടി. 

English Summary:

Bjp opened acount in kerala but Kerala's account is zero in Union budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com