ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്രം കൊണ്ടുവരുന്ന സഹകരണ നയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിച്ചു കരട് നയത്തിൽ കൊണ്ടുവന്ന പുതിയ ഭേദഗതിയും കേരളത്തിലെ സഹകരണ മേഖലയിൽ പൊളിച്ചെഴുത്തിനു വഴിവയ്ക്കും. ബജറ്റിൽ സഹകരണ നയത്തിന്റെ കാര്യം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കും മുൻപു തന്നെ പുറത്തിറക്കിയ കരട് നയത്തിൽ പുതിയ ഭേദഗതിയും നിശ്ചയിച്ചു സംസ്ഥാനങ്ങൾക്കു കൈമാറിയിരുന്നു. 

സംസ്ഥാനങ്ങളിലെ ഏതു സംഘത്തിനും പൊതുയോഗം കൂടി തീരുമാനിച്ചാൽ, കേന്ദ്രം കൊണ്ടുവരുന്ന മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികളുമായി ലയിക്കാമെന്നാണു കരട് നയത്തിൽ നേരത്തെയുണ്ടായിരുന്നത്. പൊതുയോഗ തീരുമാനത്തിനൊപ്പം അതതു സംസ്ഥാന സഹകരണ റജിസ്ട്രാറുടെ അനുമതിയുണ്ടെങ്കിൽ ലയിക്കാമെന്നായിരുന്നു ഇതിലെ വ്യവസ്ഥ.

ഇതിനു തടയിടാൻ സംസ്ഥാന സഹകരണവകുപ്പ് സഹകരണ നിയമം ഭേദഗതി ചെയ്തപ്പോൾ സംഘങ്ങളുടെ ലയനത്തിനു കൂടുതൽ വ്യവസ്ഥകൾ ഉൾപ്പെടുത്തി. സംസ്ഥാനത്തു റജിസ്റ്റർ ചെയ്ത സംഘങ്ങൾ തമ്മിൽ മാത്രമേ ലയനം പാടുള്ളൂവെന്നും അതിനും സഹകരണ റജിസ്ട്രാറുടെ അനുമതി വേണമെന്നതും കർശനമാക്കി. എന്നാൽ, കേന്ദ്ര സർക്കാർ കരട് നയത്തിൽ ഭേദഗതി വരുത്തിയപ്പോൾ ലയനത്തിനു പൊതുയോഗത്തിന്റെ തീരുമാനം മാത്രം മതിയെന്നാക്കി. സംസ്ഥാന റജിസ്ട്രാറുടെ അനുമതി വേണമെന്നത് ഒഴിവാക്കിയിട്ടുണ്ട്. 

കേരളം എതിർത്ത ഏകീകൃത സോഫ്റ്റ്‌വെയറിനോടു കേന്ദ്രം വലിയ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ, ഏകീകൃത ബൈലോ വേണമെന്നതിൽ കേന്ദ്രനിലപാട് കർശനമാണ്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് ആദായനികുതി ഏർപ്പെടുത്താൻ സമ്മർദം ചെലുത്തുകയുമാണു കേന്ദ്രം. ടിഡിഎസ് അടയ്ക്കണമെന്നും കെവൈസി നിർബന്ധമാക്കണമെന്നും കേന്ദ്രം പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്താകെ ആദായനികുതി നിയമം ഒന്നായതിനാൽ ഇതിനെ എതിർക്കാനെളുപ്പമല്ല. 

മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികൾക്കു കേരളം അനുമതി നിഷേധിക്കുന്നെങ്കിലും കേന്ദ്ര സഹകരണ റജിസ്ട്രാറുടെ അനുമതിയോടെ സംസ്ഥാനത്ത് കൂടുതൽ സൊസൈറ്റികൾ റജിസ്റ്റർ ചെയ്യുന്നുണ്ട്. ഭാവിയിൽ നബാർഡിന്റെ ഉൾപ്പെടെ സഹായങ്ങൾ ഇൗ സംഘങ്ങൾ വഴിയെത്തിക്കുകയാണു കേന്ദ്ര ലക്ഷ്യം. ഇതോടെ സഹകരണത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കം രൂക്ഷമാകും. സഹകരണം സംസ്ഥാന വിഷയമാണെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണു കേരളത്തിന്റെ പ്രതീക്ഷ. പക്ഷേ, സുപ്രീം കോടതി ഇതുവരെ പരിഗണിച്ചിട്ടുമില്ല.

English Summary:

Central government for no compromise in co-operative policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com