ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് ചില ജില്ലകളിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടാണ്.
കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകി. ഇവിടെ ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 1.7 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യത. വടക്കൻ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും കർണാടക തീരത്ത് 28 വരെയും മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തി.