ഗവേഷണ പ്രബന്ധം പിൻവലിച്ച സംഭവം; ഗവർണർ റിപ്പോർട്ട് തേടി
Mail This Article
തിരുവനന്തപുരം/മലപ്പുറം ∙ കാലിക്കറ്റിൽ ഗവേഷകരുടെയും അധ്യാപകരുടെയും ഗവേഷണ പ്രവർത്തനങ്ങൾ വിലയിരുത്താൻ നിയോഗിച്ചിട്ടുള്ള ഇന്റേണൽ ക്വാളിറ്റി അഷുറൻസ് സെൽ (ഐക്യുഎസി) ഡയറക്ടർ ഡോ.ജോസ് ടി.പുത്തൂർ ഡേറ്റ ക്രമക്കേട് നടത്തിയതായുള്ള സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ പരാതിയിൽ ഗവർണർ കാലിക്കറ്റ് വിസിയോട് റിപ്പോർട്ട് തേടി. ഡോ.ജോസ് പുത്തൂരിന്റെ ലേഖനം പ്ലോസ് വൺ എന്ന ജേണൽ പിൻവലിച്ചിരുന്നെന്നും ഒരേ ഡേറ്റ മറ്റൊരു ലേഖനത്തിലും വന്നതാണു ലേഖനം പിൻവലിക്കാൻ കാരണമെന്നുമാണു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ ആരോപണം.
അതേസമയം, ഘനലോഹ പഠനവുമായി ബന്ധപ്പെട്ട് രാജ്യാന്തര പ്രസിദ്ധീകരണമായ റെമിഡിയേഷനു നൽകിയ കൺട്രോൾ ട്രീറ്റ്മെന്റ് ചിത്രം അബദ്ധത്തിൽ പ്ലോസ് വൺ ജേണലിലേക്കും നൽകിയതാണെന്നും തന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ ചിത്രം തന്നെയാണ് 2 പ്രസിദ്ധീകരണങ്ങളിലും വന്നതെന്നും ഡോ. ജോസ് ടി.പുത്തൂർ പ്രതികരിച്ചു.