ADVERTISEMENT

തിരുവനന്തപുരം∙ മതസംഘടനകളും ആരാധനാലയങ്ങളുമായി പാർട്ടിക്കുണ്ടായിരുന്ന ഗാഢബന്ധം നഷ്ടപ്പെട്ടെന്നും സാധാരണ ജനങ്ങളുമായുള്ള ഇഴയടുപ്പം ഇല്ലാതായെന്നും കെപിസിസി. പാർട്ടിയുടെ ബന്ധം നഷ്ടപ്പെട്ടപ്പോൾ വർഗീയസംഘടനകളും വിശ്വാസവിരുദ്ധ നിലപാടുള്ള പാർട്ടികളും അവിടെ നുഴഞ്ഞുകയറി. ഇക്കാര്യത്തിലെ പോരായ്മ പരിഹരിക്കണമെന്ന്, തദ്ദേശ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പിനു സംഘടിപ്പിച്ച വയനാട് ക്യാംപ് എക്സിക്യൂട്ടീവിന്റെ തീരുമാനമായി താഴെത്തട്ടിലേക്ക് അയച്ച സർക്കുലറിൽ നിർദേശിക്കുന്നു.

ജീവകാരുണ്യ പ്രവർത്തനം നടത്താനുള്ള സംഘടന എല്ലാ ബ്ലോക്കുകളിലും പ്രവർത്തനം തുടങ്ങണം. ഒന്നിലേറെ സംഘടനകൾ ഈ മേഖലയിലുണ്ടെങ്കിൽ അവയെ ഒറ്റ സംഘടനയാക്കണം. എല്ലാ നേതാക്കളും മാസത്തിൽ ഒരു ദിവസം സ്വന്തം വാർഡിൽ ചെലവഴിക്കണം. ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാർ മാസത്തിൽ 15 ദിവസം ആ ജില്ലകളിലുണ്ടായിരിക്കണം. പാർട്ടിയുടെ എല്ലാ ഘടകത്തിലും ‘പെർഫോമൻസ് ഓഡിറ്റ്’ നടപ്പാക്കുമെന്നും സർക്കുലറിൽ പറയുന്നു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കുള്ള മാർഗരേഖയും കൈമാറി.

മാർഗരേഖയിലെ നിർദേശങ്ങൾ:

∙ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വിദഗ്ധരെ ഉൾപ്പെടുത്തി ജില്ല, നിയമസഭാ മണ്ഡലം, തദ്ദേശസ്ഥാപന തലത്തിൽ ഡീലിമിറ്റേഷൻ കമ്മിറ്റി വേണം

∙ അടിയന്തര കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പ്രധാന നേതാക്കളുടെ കോർ കമ്മിറ്റി രൂപീകരിക്കണം

∙ ജില്ല, നിയമസഭാ മണ്ഡലം തലത്തിൽ ഓഗസ്റ്റ് അഞ്ചിനകം ക്യാംപ് എക്സിക്യൂട്ടീവ് ചേരണം

∙ ഓഗസ്റ്റ് 15ന് അകം വാർഡ് കമ്മിറ്റികൾ രൂപീകരിക്കണം

∙ മണ്ഡലം, ബ്ലോക്ക് ഭാരവാഹികളെ നിശ്ചയിക്കാൻ ബാക്കിയുള്ളിടത്ത് 30നു മുൻപു പൂർത്തിയാക്കണം

∙ തിരഞ്ഞെടുപ്പു പ്രവർത്തനത്തിനു പരിശീലന ക്യാംപ് സംഘടിപ്പിക്കണം

∙ മൂന്നു ഘട്ടങ്ങളിലായി ഗൃഹസന്ദർശനം

∙ സമരപരിപാടികൾ പ്രാദേശികതലത്തിൽ വേണം

∙ ഒക്ടോബറിൽ തദ്ദേശസ്ഥാപന തലത്തിൽ പദയാത്ര

നിർദേശങ്ങൾ വെവ്വേറെ

ക്യാംപ് എക്സിക്യൂട്ടീവ് തീരുമാനങ്ങൾ നടപ്പാക്കുന്നതിനു താഴെത്തട്ടിലേക്കു വെവ്വേറെ നിർദേശങ്ങൾ കൈമാറി പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും. ക്യാംപ് കഴിഞ്ഞതിന്റെ പിറ്റേന്നു തന്നെ വി.ഡി.സതീശൻ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കു ഡിസിസികൾക്കു രേഖാമൂലം നിർദേശം നൽകിയപ്പോൾ, മാർഗരേഖ സഹിതം വിശദമായ സർക്കുലർ 23നു കെപിസിസി നൽകി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഏകോപനച്ചുമതല പ്രതിപക്ഷ നേതാവിനാണ്. വാട്സാപ് ഗ്രൂപ്പിലെ സന്ദേശമായാണ് പ്രതിപക്ഷനേതാവ് നിർദേശങ്ങൾ കൈമാറിയത്.

English Summary:

KPCC circular: Reconnecting with people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com