ADVERTISEMENT

തിരുവനന്തപുരം ∙ ബജറ്റിൽ കേന്ദ്രം പുതിയ വ്യവസായ ഇടനാഴി പ്രഖ്യാപിച്ചപ്പോഴും കേരളത്തിൽ മുൻപു പ്രഖ്യാപിച്ച വ്യവസായ ഇടനാഴിക്ക് ഇനിയും അനുമതിയായില്ല. ബെംഗളൂരു– ഹൈദരാബാദ് വ്യവസായ ഇടനാഴിയാണു പുതിയ ബജറ്റിൽ പ്രഖ്യാപിച്ചത്. എന്നാൽ കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴിക്കു സ്ഥലമേറ്റെടുപ്പിനുള്ള എല്ലാ നടപടിയും കേരളം പൂർത്തിയാക്കിയിട്ടും കേന്ദ്രത്തിന്റെ അന്തിമ അംഗീകാരം ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ പലവട്ടം കത്തയച്ചെങ്കിലും മറുപടി പോലുമില്ല. 

ചെന്നൈ– ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമാണു നിർദിഷ്ട കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി. ബെംഗളൂരു– ഹൈദരാബാദ് മേഖലയിൽ പുതിയ വ്യവസായ ഇടനാഴി വരുമ്പോൾ അതു കേരളത്തിനും മുതൽക്കൂട്ടാകണമെങ്കിൽ ഇവിടത്തെ വ്യവസായ ഇടനാഴി യാഥാർഥ്യമാകണം. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലെ നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷനും സംസ്ഥാന സർക്കാരും സംയുക്തമായാണു വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കേണ്ടത്. 

നിർദിഷ്ട ഇടനാഴിയുടെ ഭാഗമായ അങ്കമാലിയിലെ ഗ്ലോബൽ സിറ്റി (ഗിഫ്റ്റ് സിറ്റി)യുടെ ഭൂമിയേറ്റെടുക്കലിന് ആവശ്യമുള്ള 840 കോടി രൂപ ഏതു സമയത്തും കൈമാറാമെന്നു കിഫ്ബി സർക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അനുമതിക്കായി കേന്ദ്രത്തെ പലവട്ടം സമീപിച്ചത്. പാലക്കാട് കേന്ദ്രീകരിച്ചുള്ള ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററിനു (ഐഎംസി) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം തേടിയും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു. രണ്ടിനോടും ഇതുവരെ അനുകൂല പ്രതികരണമുണ്ടായിട്ടില്ല. 

കേന്ദ്രം നിർദേശിച്ച കൺസൽറ്റൻസി കമ്പനിയുടെ പഠന റിപ്പോർട്ടിന്റെയും പല ഘട്ടത്തിലെ ഉന്നതതല ചർച്ചകളുടെയും അടിസ്ഥാനത്തിലാണു ഗ്ലോബൽ സിറ്റി പദ്ധതി രൂപീകരിച്ചത്. അനുമതിയാകാത്തതിനാൽ കഴിഞ്ഞ ഒന്നരവർഷമായി കൺസൽറ്റൻസി പ്രവർത്തനവും നടക്കുന്നില്ല. 

പാലക്കാട്ട് 3 ഇടങ്ങളിലായി 1710 ഏക്കർ ഭൂമി വേണ്ടതിൽ 1273 ഏക്കർ, 1344 കോടി രൂപ മുടക്കി സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. കേന്ദ്രത്തെ വിശ്വസിച്ചു ചെലവിട്ട ഈ തുകയും ഭീമമായ പലിശയും ഇപ്പോൾ സർക്കാരിന്റെ ബാധ്യതയായി. പുതിയ വ്യവസായ ഇടനാഴി പ്രഖ്യാപിച്ച സാഹചര്യത്തിലെങ്കിലും കൊച്ചി– ബെംഗളൂരു ഇടനാഴിക്ക് അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ.

English Summary:

No permission for Kerala corridor/Union Budget 2024-25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com