നിപ്പ വലച്ച ജീവിതവുമായി ടിറ്റോ ഇപ്പോഴും രോഗക്കിടക്കയിൽ
Mail This Article
കോഴിക്കോട് ∙ വീണ്ടുമൊരു ‘നിപ്പ’ക്കാലത്തിന്റെ ആശങ്കകൾ പെയ്തൊഴിയുമ്പോഴും കഴിഞ്ഞ ‘നിപ്പ’ക്കാലത്തിന്റെ ബാക്കിപത്രമായി ദുരിതക്കിടക്കയിലായ ഒരു ആരോഗ്യപ്രവർത്തകൻ ഇവിടെയുണ്ട്. മംഗളൂരു മർദാല സ്വദേശി ടിറ്റോ തോമസാണ് (24) എട്ടുമാസമായി താൻ ജോലി ചെയ്ത നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കോമയിൽ കിടക്കുന്നത്. നിപ്പയ്ക്കു ശേഷമുള്ള ലേറ്റന്റ് എൻസഫലൈറ്റിസാണ് (നിപ എൻസഫലൈറ്റിസ്) ടിറ്റോയെ കിടപ്പിലാക്കിയത്.
അത്യാഹിത വിഭാഗത്തിലെ നഴ്സായിരുന്ന ടിറ്റോയ്ക്ക് 2023 ഏപ്രിലിൽ ആശുപത്രിയിലെത്തിയ രോഗിയിൽ നിന്നാണ് രോഗം പിടിപെട്ടത്. രോഗി പിന്നീട് മരിച്ചു. ചികിത്സയ്ക്കുശേഷം നിപ്പയിൽനിന്നു ടിറ്റോ മുക്തി നേടിയെങ്കിലും ശക്തമായ തലവേദനയെ തുടർന്നു പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധയിലാണ് ലേറ്റന്റ് എൻസഫലൈറ്റിസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. അബോധാവസ്ഥയിലായ ഇദ്ദേഹത്തിനു പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ തുടരുന്നത്. ചികിത്സച്ചെലവുകൾ സ്വകാര്യ ആശുപത്രി മാനേജ്മെന്റ് ഏറ്റെടുത്തിട്ടുണ്ട്. 40 ലക്ഷത്തിലധികം രൂപ ചെലവഴിച്ചുകഴിഞ്ഞു.ജോലിയുപേക്ഷിച്ച് ടിറ്റോയ്ക്ക് കൂട്ടിരിക്കുകയാണു സഹോദരൻ ഷിജോ തോമസും അമ്മ ലിസിയും. തുടർചികിത്സയ്ക്കായി സർക്കാരിൽനിന്നു സാമ്പത്തിക സഹായം വേണമെന്നാണു കുടുംബം പറയുന്നത്.
എന്താണ് നിപ്പ എൻസഫലൈറ്റിസ്?
നിപ്പ രോഗം മാറിയശേഷം പിൽക്കാല അവസ്ഥയുടെ ഭാഗമായി ചിലരിൽ മസ്തിഷ്കജ്വരമുണ്ടാകുന്നതാണ് നിപ്പ എൻസഫലൈറ്റിസ്. ഇത് ചിലപ്പോൾ രോഗബാധിതനെ അബോധാവസ്ഥയിലേക്കു നയിക്കുകയും അപസ്മാരത്തിനും കോമയ്ക്കും കാരണമാവുകയും ചെയ്യും. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് ഈ രോഗത്തിനു നൽകുന്നത്.