മരം വാങ്ങിയവർ തടിതപ്പി; അയ്യപ്പന് കിട്ടിയത് 2000 രൂപ നോട്ട്!
Mail This Article
തൃശൂർ ∙ വീട്ടുചെലവിനു വഴിയില്ലാതെ വന്നപ്പോഴാണു ചേലക്കര നാട്യൻചിറ പാണ്ടിയോട്ടിൽ അയ്യപ്പൻ എഴുത്തച്ഛൻ പുരയിടത്തിലെ മരങ്ങൾ വിറ്റത്. 5000 രൂപ മുൻകൂർ തന്നു മരം വാങ്ങിയവർ തടി വെട്ടി ലോറിയിൽ കയറ്റിക്കഴിഞ്ഞ് 20,000 രൂപ കൂടി കൊടുത്തു. തുകയുമായി ഇന്നലെ കടയിൽ എത്തിയപ്പോഴാണ് അത് 2000 രൂപ നോട്ടുകളാണെന്നും എടുക്കില്ലെന്നും ഈ എൺപത്തിനാലുകാരൻ അറിയുന്നത്. കരച്ചിലോടെ നിന്ന അദ്ദേഹത്തെ വ്യാപാരികൾ ആശ്വസിപ്പിച്ചു. പോസ്റ്റ് ഓഫിസ് വഴി നോട്ട് മാറ്റാൻ കഴിയുമെന്നു കേട്ടിട്ടുള്ളതിനാൽ ചേലക്കര പോസ്റ്റ് ഓഫിസിൽ എത്തിച്ചു.
അയ്യപ്പൻ എഴുത്തച്ഛന്റെ വിഷമം കണ്ട പോസ്റ്റ് ഓഫിസ് ജീവനക്കാർ നോട്ടുകൾ ഇൻഷുർ ചെയ്ത് റിസർവ് ബാങ്കിലേക്ക് അയച്ചു. ഇൻഷുറൻസിനു ചെലവായ 1730 തുകയും അയ്യപ്പനു തിരികെപ്പോകാനുള്ള വണ്ടിക്കൂലിയും ജീവനക്കാർ പിരിവെടുത്തു നൽകി.
2000 നോട്ട് മാറ്റാൻ
പോസ്റ്റ് ഓഫിസ് വഴി മാത്രമാണ് 2000 രൂപ നോട്ട് മാറ്റാൻ റിസർവ് ബാങ്ക് അനുമതി. പാൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അപേക്ഷയോടൊപ്പം നൽകണം. നോട്ടുകൾ റിസർവ് ബാങ്കിന്റെ റീജനൽ ഓഫിസിലേക്ക് അയയ്ക്കും. ഒരു നോട്ടിനു 173 രൂപയാണ് ഇൻഷുറൻസ് തുക.