ഡിജിറ്റൽ റീസർവേ: രേഖകളുടെ കരട് തദ്ദേശ സ്ഥാപനത്തിൽ പരിശോധിക്കാം
Mail This Article
തിരുവനന്തപുരം∙ ഭൂമിയുടെ ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളുടെ കരട് വിജ്ഞാപനം ഭൂവുടമകൾക്ക് പരിശോധിക്കാനും ആക്ഷേപങ്ങൾ ഉന്നയിക്കാനും അവസരം നൽകും. റവന്യു വകുപ്പിന്റെ 'എന്റെ ഭൂമി' പോർട്ടലിൽ ലഭ്യമാവുന്ന കരട് രേഖ തദ്ദേശ വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെ മുഴുവൻ ജനങ്ങളിലും എത്തിക്കാനാണു പരിപാടി. ഇതിനായി റവന്യു - തദ്ദേശ വകുപ്പുകൾ ചേർന്ന് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ഓൺലൈനായി മന്ത്രി കെ.രാജന്റെ അധ്യക്ഷതയിൽ ചേർന്നു.
പോർട്ടൽ വഴി പരാതി ഉന്നയിക്കാൻ തദ്ദേശ സ്ഥാപന അധികാരികൾ അവസരമൊരുക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സർവേ നടക്കാനുള്ള ഇടങ്ങളിൽ സർവേ സഭകൾ വിളിച്ചു ചേർക്കണം. ഡിജിറ്റൽ സർവേ, വിജ്ഞാപനത്തിലെ തെറ്റ് തിരുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി പഞ്ചായത്തുകളിൽ സർവേ ടീമിന്റെ ക്യാംപ് ഓഫിസ് തുറക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.
ആദ്യഘട്ടത്തിൽ 200 വില്ലേജുകളിലാണ് ഡിജിറ്റൽ സർവേ. ഇതിൽ 185 വില്ലേജുകളും രണ്ടാം ഘട്ടത്തിലെ 238 വില്ലേജുകളിലെ 17 ഇടങ്ങളിലും സർവേ പൂർത്തിയായി. സർവേ പൂർത്തിയായ വില്ലേജുകൾ ഉൾപ്പെടുന്ന ജില്ലകളിലെ റവന്യു, സർവേ, തദ്ദേശ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം ഈ മാസം 31നകവും രണ്ടാം ഘട്ടത്തിൽ സർവേ നടക്കുന്ന വില്ലേജുകൾ ഉൾപ്പെടുന്ന ജില്ലകളിലെ യോഗം ഓഗസ്റ്റ് 11നകവും അതത് കലക്ടർമാർ വിളിച്ചുചേർക്കും.