ഹൈറിച്ച് കമ്പനി ഒടിടി ബിസിനസിൽ മാത്രം 400 കോടി രൂപ സ്വരൂപിച്ചതായി ഇ.ഡി
Mail This Article
കൊച്ചി∙ സാമ്പത്തിക തട്ടിപ്പു കേസിൽ അന്വേഷണം നേരിടുന്ന തൃശൂരിലെ ഹൈറിച്ച് കമ്പനി ഒടിടി പ്ലാറ്റ്ഫോം ബിസിനസിൽ മാത്രം 400 കോടി രൂപ സ്വരൂപിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷിനെ സമീപിച്ച് വിവാദങ്ങളിൽ ഉൾപ്പെട്ട കണ്ണൂർ കടമ്പേരി സ്വദേശി വിജേഷ് പിള്ളയുടെ പക്കൽ നിന്നാണു ഹൈറിച്ച് ഒടിടി പ്ലാറ്റ്ഫോം വാങ്ങിയത്. ഇതിനായി 5 ലക്ഷം രൂപയാണു ഹൈറിച്ച് കൈമാറിയതെന്ന് ഇ.ഡി കണ്ടെത്തി.
ഇതേ പ്ലാറ്റ്ഫോമിന്റെ ഓരോ ഷെയറും ഹൈറിച്ച് വിൽപന നടത്തിയത് 5 ലക്ഷം രൂപ വീതം വാങ്ങിയാണ്. അഞ്ചു ലക്ഷത്തിന്റെ ഷെയർ എടുക്കുന്നവർക്കു 3 മാസം കൂടുമ്പോൾ ലാഭവിഹിതം ഉറപ്പുപറഞ്ഞിരുന്നു.
തുടർച്ചയായി രണ്ടു വർഷം ഈ ലാഭവിഹിതം ലഭിക്കുമ്പോൾ മുടക്കുമുതലിന്റെ 10 ഇരട്ടി തിരിച്ചുകിട്ടുമെന്നാണു വാഗ്ദാനം ചെയ്തത്. ഒടിടി ഷെയറെടുക്കാൻ ശുപാർശ ചെയ്യുന്നവർക്കും തുകയുടെ 5% വാഗ്ദാനം ചെയ്തിരുന്നു. രണ്ടു വർഷം കഴിയുമ്പോൾ ഷെയറിന്റെ വളർച്ചാ കാലാവധി പൂർത്തിയായ ശേഷം ഷെയർ തിരികെ നൽകിയാൽ അപ്പോഴത്തെ മൂല്യം കമ്പനി തിരികെ നൽകുമെന്നും പറഞ്ഞു.ഹൈറിച്ച് ഒടിടിക്കു 10 ലക്ഷം വരിക്കാരുണ്ടെന്നു വിശ്വസിപ്പിച്ചാണ് ഓഹരിയുടെ മൂല്യം വർധിപ്പിച്ചത്. എന്നാൽ 5,000 പേർ കാണുന്ന സിനിമകൾ പോലും ഈ പ്ലാറ്റ് ഫോമിൽ പ്രദർശിപ്പിച്ചില്ല. നിക്ഷേപകരിൽ നിന്നു വാങ്ങിയ ഓഹരി പണം വിനിയോഗിച്ചു വാങ്ങിയ മോശം സിനിമകൾ ആരും കാണാതിരുന്നതോടെ മുതൽമുടക്കിയവർക്കു പണം ലഭിച്ചില്ലെന്നാണ് ഇ.ഡിയുടെ നിഗമനം.