ADVERTISEMENT

ഷിരൂർ (കർണാടക) ∙ അർജുന്റെ ജീവനു വേണ്ടിയുള്ള കേരളത്തിന്റെ കാത്തിരിപ്പു നീണ്ടതോടെ 2 സംസ്ഥാനങ്ങൾ തമ്മിലുള്ള വിഷയമായും ഷിരൂരിലെ മണ്ണിടിച്ചിൽ മാറി. അർജുനെ കണ്ടെത്താൻ വൈകുന്നതു കർണാടകയുടെ വീഴ്ചയാണെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ രക്ഷാപ്രവർത്തനത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്നും ലോറി ഉടനെ കണ്ടെടുക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവർത്തിച്ചു വ്യക്തമാക്കിക്കൊണ്ടിരുന്നു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കെ.സി.വേണുഗോപാൽ എംപി, എം.കെ.രാഘവൻ എംപി എന്നിവർ രാഷ്ട്രീയ ഇടപെടൽ നടത്തി. മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷറഫ് തുടക്കം മുതൽ സ്ഥലത്തു ക്യാംപ് ചെയ്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡയും സ്ഥലം സന്ദർശിച്ചു.

ഇന്നലെ വൈകിട്ട് ഷിരൂരിൽ കർണാടക ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിൽ അർജുനു വേണ്ടിയുള്ള രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ടു കേരളത്തിലെ ചില മാധ്യമങ്ങൾ അനാവശ്യമായി കർണാടകയെ കുറ്റപ്പെടുത്തുന്നുവെന്ന പരാതി ഉയർന്നു. യോഗത്തിൽ ഓൺലൈനായാണ് കർണാടക ചീഫ് സെക്രട്ടറി പങ്കെടുത്തത്. കേരളത്തിലെ മാധ്യമങ്ങൾ കർണാടകയെ കുറ്റപ്പെടുത്തുന്നില്ലെന്നും ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും എ.കെ.എം. അഷറഫ് വിശദീകരിച്ചു.

ഇതിനിടെ രക്ഷാപ്രവർത്തനം സംബന്ധിച്ചുള്ള തൽസ്ഥിതി റിപ്പോർട്ട് കർണാടക സർക്കാർ ഇന്നലെ ഹൈക്കോടതിയിൽ സമർപ്പിച്ചു. രക്ഷാപ്രവർത്തനം നടത്താൻ വൈകിയിട്ടില്ലെന്നും കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണ സേനകൾ, അഗ്നിശമന സേന, പൊലീസ്, സേനാവിഭാഗങ്ങൾ തുടങ്ങിയവയിൽനിന്ന് 171 പേരെ രക്ഷാപ്രവർത്തനത്തിനു നിയോഗിച്ചുവെന്നും ദൗത്യം തുടരുകയാണെന്നും അറിയിച്ചു.

മലയാളി അഭിഭാഷകരായ കെ.ആർ.സുഭാഷ് ചന്ദ്രനും സിജി മലയിലും നൽകിയ പൊതുതാൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജി വീണ്ടും ഓഗസ്റ്റ് ഒന്നിനു പരിഗണിക്കും. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ വി.ചിദംബരേഷാണ് ഹർജിക്കാർക്കായി ഹാജരായത്.

English Summary:

Shirur landslide rescue become an issue between two states

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com