‘കമ്യൂണിസ്റ്റുകാരുടെ മുൻഗണന പാവപ്പെട്ടവർക്കാവണം’: അച്യുതമേനോന്റെ ഭരണകാലം ഓർമിപ്പിച്ച് ബിനോയിയുടെ കുത്ത്
Mail This Article
തിരുവനന്തപുരം ∙ കമ്യൂണിസ്റ്റുകാർ അധികാരം കയ്യാളുമ്പോൾ പാവപ്പെട്ട മനുഷ്യരുടെ താൽപര്യങ്ങൾക്കാകണം മുൻഗണനയെന്ന് സി.അച്യുതമേനോന്റെ ഭരണം കേരളത്തെ ബോധ്യപ്പെടുത്തിയെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
പിണറായി സർക്കാരിന്റെ മുൻഗണനകൾ പിഴച്ചെന്ന് ഇടതുമുന്നണി തന്നെ വിലയിരുത്തിയ പശ്ചാത്തലത്തിലാണ് രണ്ടു സർക്കാരുകളെയും താരതമ്യം ചെയ്യുന്ന തരത്തിലുള്ള ബിനോയിയുടെ ഈ ഒളിയമ്പ്. സി.അച്യുതമേനോൻ സ്മൃതിയാത്ര പയ്യന്നൂരിൽ നിന്ന് ആരംഭിച്ചതുമായി ബന്ധപ്പെട്ട് ‘ജനയുഗ’ത്തിൽ എഴുതിയ ലേഖനത്തിലാണ് സിപിഐ സെക്രട്ടറിയുടെ പരാമർശങ്ങൾ.
‘ജനങ്ങളാണു വലിയവരെന്നും അവരോടു കൂറു പുലർത്തി മുന്നോട്ടു പോകുകയാണു കമ്യൂണിസ്റ്റുകാരുടെ പ്രവർത്തന വഴിയെന്നും ആ സ്മരണ പഠിപ്പിക്കുന്നു’ - ബിനോയ് പറഞ്ഞു. തിരുവനന്തപുരത്ത് സ്ഥാപിക്കാനുള്ള അച്യുതമേനോന്റെ പ്രതിമയുമായാണ് സ്മൃതിയാത്ര ഇന്നലെ ആരംഭിച്ചത്.
കേരളം അനുഭവിക്കുന്നത് അച്യുതമേനോൻ ഭരണത്തിന്റെ നേട്ടങ്ങൾ: പ്രകാശ് ബാബു
പയ്യന്നൂർ ∙ അച്യുതമേനോന്റെ ഭരണകാലം കേരളത്തിന്റെ സുവർണ കാലമെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരിന്റെ നേട്ടങ്ങളാണ് കേരളം ഇന്നനുഭവിക്കുന്നതെന്നും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു.
സി.അച്യുതമേനോന്റെ പൂർണകായ പ്രതിമയുമായി തിരുവനന്തപുരത്തേക്ക് നടത്തുന്ന അച്യുത മേനോൻ സ്മൃതിയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നു കേരളത്തിൽ കാണുന്ന ഭൂരിഭാഗം സ്ഥാപനങ്ങളും അച്യുതമേനോന്റെ കാലത്തു സ്ഥാപിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.