വകുപ്പു സെക്രട്ടറിമാർ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം ∙ കേന്ദ്ര ബജറ്റിലെ ഏതെല്ലാം പ്രഖ്യാപനങ്ങളും പദ്ധതികളും പ്രയോജനപ്പെടുത്താൻ കഴിയുമെന്ന റിപ്പോർട്ട് വകുപ്പു സെക്രട്ടറിമാർ 15 ദിവസത്തിനകം സമർപ്പിക്കണമെന്നു മുഖ്യമന്ത്രിയുടെ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെയും ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെയും നേതൃത്വത്തിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണു നിർദേശം നൽകിയത്.
-
Also Read
എറണാകുളം – ബെംഗളൂരു വന്ദേഭാരത് 31 മുതൽ
സംസ്ഥാനങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൂലധനച്ചെലവിനായി ബജറ്റിൽ നീക്കിവച്ച ഒന്നരലക്ഷം കോടി രൂപയിൽ പരമാവധി തുക എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിലാകും കേരളത്തിന്റെ ശ്രദ്ധ. വകുപ്പുകൾ നൽകുന്ന റിപ്പോർട്ട് മുഖ്യമന്ത്രി വീണ്ടും യോഗം വിളിച്ചു പരിശോധിക്കും. തുടർന്നു കേന്ദ്രസർക്കാരിനു മെമ്മോറാണ്ടം നൽകുകയും എംപിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തി കേന്ദ്രത്തിൽ സമ്മർദം ചെലുത്തുകയും ചെയ്യാമെന്നാണു തീരുമാനം.
ആരോഗ്യരംഗത്തു കേന്ദ്രത്തിന്റെ ബ്രാൻഡിങ് സംസ്ഥാനം സമ്മതിച്ച സാഹചര്യത്തിൽ ഈ മേഖലയിൽ കേന്ദ്ര ഫണ്ടും പദ്ധതികളും ലഭിക്കുന്നതിനുള്ള തടസ്സം നീങ്ങിയെന്ന വിലയിരുത്തലുണ്ടായി. മറ്റു മേഖലകളിലും സംസ്ഥാനം ഉചിതമായ നടപടി സ്വീകരിക്കും. ചീഫ് സെക്രട്ടറി ഡോ.വി.വേണു, കേരളത്തിന്റെ ഡൽഹി പ്രത്യേക പ്രതിനിധി കെ.വി.തോമസ്, ധനവകുപ്പിലെയും മറ്റു പ്രധാന വകുപ്പുകളിലെയും സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.