എറണാകുളം – ബെംഗളൂരു വന്ദേഭാരത് 31 മുതൽ
Mail This Article
പാലക്കാട് ∙ അനിശ്ചിതത്വം അവസാനിപ്പിച്ച് പാലക്കാട് വഴി എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ സ്പെഷൽ സർവീസിനു റെയിൽവേ ബോർഡ് അനുമതി നൽകി. ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെ ആഴ്ചയിൽ 3 ദിവസമാണു സ്പെഷൽ സർവീസ്. എറണാകുളത്തു നിന്നു ബെംഗളൂരു കന്റോൺമെന്റിലേക്ക് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും തിരികെ വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലുമാകും സർവീസ്.
എറണാകുളത്തു നിന്ന് ഉച്ചയ്ക്കു 12.50നു പുറപ്പെട്ട് രാത്രി 10നു ബെംഗളൂരു കന്റോൺമെന്റിലെത്തും. തിരികെ പിറ്റേന്നു രാവിലെ അഞ്ചരയ്ക്കു പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് എറണാകുളത്തെത്തും. 8 കോച്ചുള്ള ട്രെയിൻ തൃശൂർ, പാലക്കാട്, പോത്തനൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ നിർത്തും. താൽക്കാലിക സർവീസാണെങ്കിലും വരുമാനമുണ്ടായാൽ നീട്ടുമെന്നാണു സൂചന.
എറണാകുളം – ബെംഗളൂരു റൂട്ടിൽ ഓടിക്കാൻ തിരഞ്ഞെടുപ്പിനു മുൻപു സംസ്ഥാനത്ത് എത്തിച്ച വന്ദേഭാരത് റേക്ക് പിന്നീടു മംഗളൂരു – ഗോവ റൂട്ടിൽ അധികമായി ഉപയോഗിക്കാൻ കൊണ്ടുപോയതോടെ കേരളത്തിനു നഷ്ടപ്പെടുമെന്ന സ്ഥിതിയുണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള മനോരമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലാണു സർവീസിനു വഴിയൊരുക്കിയത്.
വന്ദേഭാരത് സമയക്രമം
∙ 06001 എറണാകുളം – ബെംഗളൂരു
എറണാകുളം (ഉച്ചയ്ക്ക് 12.50), തൃശൂർ (1.53), പാലക്കാട് (3.15), പോത്തനൂർ (4.13), തിരുപ്പൂർ (4.58), ഈറോഡ് (5.45), സേലം (6.33), ബെംഗളൂരു കന്റോൺമെന്റ് (രാത്രി 10).
∙ 06002 ബെംഗളൂരു – എറണാകുളം
ബെംഗളൂരു കന്റോൺമെന്റ് (രാവിലെ 5.30), സേലം (8.58), ഈറോഡ് (9.50), തിരുപ്പൂർ (10.33), പോത്തനൂർ (11.15), പാലക്കാട് (12.08), തൃശൂർ (1.18), എറണാകുളം (2.20).