വൈദ്യുതി വിതരണ കോഡ്: പുതിയ കണക്‌ഷൻ ഉൾപ്പെടെ സേവനങ്ങൾ ഓൺലൈന് വഴി; നടപടികൾ ലളിതമാക്കാൻ നിർദേശം
Mail This Article
തിരുവനന്തപുരം∙ വൈദ്യുതിയുമായി ബന്ധപ്പെട്ട നടപടികൾ ലളിതമാക്കി വൈദ്യുതിവിതരണ (ഭേദഗതി) കോഡ്. കണക്‌ഷന് അപേക്ഷിക്കാനും കെഎസ്ഇബി നൽകേണ്ട സേവനങ്ങൾക്കും ഓൺലൈൻ സംവിധാനം നിർബന്ധമാക്കാനും വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വിജ്ഞാപനം ചെയ്ത അഞ്ചാം ഭേദഗതി കോഡ് വ്യവസ്ഥ ചെയ്യുന്നു.
കെഎസ്ഇബി ഓഫിസിൽ പോകാതെ ഉപയോക്താവിന് പുതിയ സർവീസ് കണക്‌ഷൻ, റീ കണക്‌ഷൻ, നിലവിലെ വൈദ്യുതി കണക്‌ഷന്റെ പരിഷ്കരണം, താരിഫ് മാറ്റം, കണക്ടഡ് ലോഡ്, കോൺട്രാക്ട് ഡിമാൻഡ് എന്നിവയിലെ മാറ്റങ്ങൾ തുടങ്ങിയ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാകും.
തടസ്സമുണ്ടെങ്കിൽ കെഎസ്ഇബിയുടെ ഉയർന്ന ഉദ്യോഗസ്ഥനെയും ഉപയോക്താവിനെയും അറിയിക്കണം. ഉപയോക്താവ് അപേക്ഷിച്ചാൽ 7 ദിവസത്തിനകവും ദുർഘട പ്രദേശത്താണെങ്കിൽ ഒരു മാസത്തിനകവും വൈദ്യുതി കണക്‌ഷൻ നൽകണം.
പ്രധാന വ്യവസ്ഥകൾ
∙ വൈദ്യുതി കണക്‌ഷന് കണക്ടഡ് ലോഡ് അടിസ്ഥാനമാക്കിയായിരിക്കും ഉപയോക്താവ് തുക അടയ്ക്കേണ്ടത്. അപേക്ഷ നൽകി 7– 45 ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി വൈദ്യുതക്കാലിന്റെയും ദൂരത്തിന്റെയും സർവീസ് ലൈനിന്റെയും മറ്റ് ഉപകരണങ്ങളുടെയും ആവശ്യകത അനുസരിച്ച് കണക്കാക്കുന്ന തുക അടയ്ക്കുന്ന നിലവിലെ രീതി കാലതാമസത്തിന് ഇടയാക്കിയിരുന്നു. ഇനിമുതൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ തന്നെ ഉപയോക്താവിന് തുക അടയ്ക്കാം.
∙ വീടിനോടു ചേർന്ന് 5 കുതിരശക്തി (എച്ച്പി) വരെയുള്ള മോട്ടർ അല്ലെങ്കിൽ 4 കിലോവാട്ട് വരെ കണക്ടഡ് ലോഡ് ഉള്ള ചെറുകിട, സൂക്ഷ്മ വ്യവസായങ്ങൾക്ക് പുതിയ കണക്‌ഷൻ ആവശ്യമില്ല. വീട്ടിലെ കണക്‌ഷൻ തന്നെ ഉപയോഗിക്കാം.
∙ ഡിമാൻഡ് അധിഷ്ഠിത ബില്ലിങ് താരിഫ് ഉള്ള ഉപയോക്താക്കൾക്ക് കണക്ടഡ് ലോഡിൽ കൂടുതൽ ഉപകരണങ്ങൾ സ്ഥാപിച്ചാൽ പിഴ ഈടാക്കാൻ നടപടിക്രമം ഭേദഗതി കോഡിൽ ഏർപ്പെടുത്തി. അധിക ലോഡിന്റെ ഉപയോഗം മീറ്ററിൽ രേഖപ്പെടുത്തിയതു കണക്കിലെടുത്തു മാത്രമേ പിഴ ഈടാക്കാവൂ.
∙ 20 കിലോവാട്ടിനു മുകളിലുള്ള വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾക്കു കെട്ടിട നിർമാണ അനുമതി ലഭിച്ചാലുടൻ സംരംഭകന് വൈദ്യുതിക്ക് അപേക്ഷിക്കാം. വൈദ്യുതി നൽകാൻ അടിസ്ഥാന സൗകര്യം കെഎസ്ഇബി ഒരുക്കണം. സ്ഥാപനങ്ങൾ പൂർത്തിയാകുമ്പോൾ തന്നെ വൈദ്യുതി കണക്‌ഷൻ നൽകാം.
∙ സംസ്ഥാന സർക്കാരിന്റെ ഹരിത ഊർജത്തെ പ്രോത്സാഹിപ്പിക്കുന്ന പുതിയ ഊർജ നയത്തിന്റെ അടിസ്ഥാനത്തിൽ, ബഹുനില കെട്ടിടങ്ങളിൽ വൈദ്യുതി ചാർജിങ് യൂണിറ്റ് സ്ഥാപിക്കാൻ ചട്ടങ്ങൾ ഉൾപ്പെടുത്തി.
∙ സെക്യൂരിറ്റി ഡിപ്പോസിറ്റ് അടയ്ക്കുന്നതും ഇതു റീഫണ്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയും വാടകക്കാരും തമ്മിലെ തർക്കം കുറയ്ക്കാൻ ഇരുവരുടെയും രേഖകൾ കെഎസ്ഇബി സൂക്ഷിക്കും. സെക്യൂരിറ്റി ഡിപ്പോസിറ്റ് അടയ്ക്കാൻ പ്രത്യേക അക്കൗണ്ട്.
∙ ഡിമാൻഡ് അടിസ്ഥാനമാക്കിയുള്ളതല്ലാത്ത സാധാരണ കണക്‌ഷനുകളിൽ സിംഗിൾ ഫെയ്സിൽ പരമാവധി 5 കിലോവാട്ടും ത്രീ ഫെയ്സിൽ 100 കിലോവാട്ടും കണക്ടഡ് ലോഡ് മാത്രമേ പാടുള്ളൂ. ഡിമാൻഡ് അടിസ്ഥാനമാക്കിയുള്ള കണക്‌ഷനുകളിൽ വിവിധ വോൾട്ടേജ് ലെവലിൽ നൽകാവുന്ന പരമാവധി കണക്ടഡ് ലോഡ് സംബന്ധിച്ചും ഭേദഗതിയിലുണ്ട്.