പുഴയിൽ മുങ്ങിത്തിരഞ്ഞ് പ്രാദേശിക സംഘം; അർജുനായി തിരച്ചിൽ തുടരുന്നു
Mail This Article
ഷിരൂർ(കർണാടക) ∙ പ്രതികൂല കാലാവസ്ഥയും കുത്തൊഴുക്കും പുഴയിലെ ചെളിയുമെല്ലാം തടസ്സമാകുമ്പോഴും ഗംഗാവലിപ്പുഴയിൽ അർജുനായി തിരച്ചിൽ തുടരുന്നു. ചെളി നിറഞ്ഞതിനാൽ അടിത്തട്ടിലെ ചിത്രങ്ങളും ലഭിക്കുന്നില്ല. 5 നോട്സിനു മുകളിൽ (മണിക്കൂറിൽ 10 കിലോമീറ്ററിലേറെ) വേഗത്തിലാണ് ഒഴുക്ക്. പ്രാദേശിക മത്സ്യത്തൊഴിലാളികൾ ഈശ്വർ മൽപേയുടെ നേതൃത്വത്തിൽ ലോറിക്കരികിലെത്താനുള്ള ശ്രമം തുടരുന്നുണ്ട്.
പുഴയിലെ ബോട്ടുകളിലേക്കും പുഴയിലെ മൺതിട്ടയിലേക്കും കരയിലേക്കും വടം വലിച്ചുകെട്ടി തയാറാക്കിയ പ്ലാറ്റ്ഫോമിലേക്കു പുഴയിൽ മുള കുത്തിയുറപ്പിച്ചശേഷം വടം കെട്ടി ആഴത്തിലേക്കിറങ്ങാനാണു ശ്രമം. 8 തവണ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കു കാരണം ലക്ഷ്യത്തിലെത്താനായില്ല. ഒരു തവണ വടം പൊട്ടി ഈശ്വർ മൽപേ 100 മീറ്ററോളം ഒഴുകിപ്പോയെങ്കിലും നാവികസംഘം രക്ഷിച്ചു.
പഴയ നിഗമനങ്ങളിൽനിന്നു വ്യത്യസ്തമായി കരയിൽനിന്നു 132 മീറ്റർ അകലെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പരിശോധന. ലോറി പതിയെ ഒഴുകിനീങ്ങുന്നതായും കരുതുന്നു. 300 മീറ്ററോളം വീതിയുള്ള പുഴയുടെ മധ്യഭാഗത്താണ് ലോറിയെന്നാണ് ഇപ്പോൾ കരുതുന്നത്. ലോറിയിൽ മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാൻ തെർമൽ സ്കാനിങ് പരിശോധനയിൽ കഴിഞ്ഞിട്ടില്ല. ലോറിയുടെ ഡ്രൈവിങ് കാബിനിന്റെ ഗ്ലാസടക്കം തകർന്നിട്ടുണ്ടെങ്കിൽ അർജുൻ പുറത്തേക്ക് തെറിക്കാനുള്ള സാധ്യതയുണ്ട്.