ADVERTISEMENT

തൃശൂർ ∙ മണപ്പുറം കോംപ്ടെക് ആൻഡ് കൺസൽറ്റന്റ്സ് ലിമിറ്റഡിന്റെ അക്കൗണ്ടിൽ നിന്ന് 20 കോടി രൂപയോളം തട്ടിയെടുത്ത കേസിലെ പ്രതി ധന്യ മോഹൻ ഓഹരി വിപണിയിൽ വൻ തുകയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചതിൽ നിന്നു പൊലീസിനു സൂചന. ഓൺലൈൻ റമ്മി കളിക്കാൻ 2 കോടിയോളം രൂപ ചെലവാക്കിയെന്നു നേരത്തെ കണ്ടെത്തിയെങ്കിലും ഇതുവഴി പലപ്പോഴായി വരുമാനവും ലഭിച്ചിട്ടുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി. കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ കീഴടങ്ങിയ ധന്യയെ കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ കോടതി റിമാൻഡ് ചെയ്തിരുന്നു. 

ഭർത്താവിന്റെയും അച്ഛന്റെയും ചില ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിലേക്കും വൻതോതിൽ പണം കൈമാറിയെന്നു വിവരമ‍ുള്ളതിനാൽ ഇവരും പൊലീസ് നിരീക്ഷണത്തിലാണ്. 

ഭർത്താവിന്റെ എൻആർഐ അക്കൗണ്ടിലൂടെ കുഴൽപ്പണ സംഘത്തിലേക്കു പണം എത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ഭർത്താവിനു വേണ്ടി തിരച്ചിൽ ആരംഭിച്ചു. ഏതാനും ദിവസം മുൻപു മൈക്രോസോഫ്റ്റ് ലോകവ്യാപകമായി തകരാറിലായപ്പോൾ കമ്പനി അക്കൗണ്ടിൽ നിന്നു ധന്യ അനധികൃതമായി നടത്തിയ ഒരു പണമിടപാടിന്റെ വിവരം മണിക്കൂറുകൾക്കു ശേഷം കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടതാണു തട്ടിപ്പുകൾ പുറത്തുവരാൻ ഇടയാക്കിയതെന്നു സംശയിക്കുന്നു. 

8 അക്കൗണ്ടുകൾ വഴി 8000 ഇടപാടുകളിലൂടെ 20 കോടിയോളം രൂപ ധന്യ തട്ടിച്ചെന്നാണു വിവരം. ഇതിൽ 5 അക്കൗണ്ടുകൾ ധന്യയുടെ പേരിലുള്ളതാണ്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്കു (സെബി) കമ്പനി വിശദവിവരങ്ങൾ കൈമാറിയിട്ടുണ്ട്. 

English Summary:

Indication of huge stock market investment by Dhanya Mohan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com