തിരച്ചിൽ മതിയാക്കി കർണാടക; വഴിമുട്ടി ‘അർജുൻ ദൗത്യം’
Mail This Article
∙ഷിരൂരിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ഗംഗാവലിപ്പുഴയിൽ കാണാതായ അർജുനുൾപ്പെടെ 3 പേർക്കായുള്ള തിരച്ചിൽ നിർത്തിയതായി കർണാടകയുടെ പ്രഖ്യാപനം. കേരളം എതിർപ്പ് അറിയിച്ചതോടെ, ദൗത്യം തുടരുമെന്ന് പിന്നീടു വിശദീകരിച്ചെങ്കിലും വരുംദിവസങ്ങളിലും കാര്യമായ പുരോഗതി ഉണ്ടാകാനിടയില്ല. ശക്തമായ ഒഴുക്കും ചെളിയും കാരണം പുഴയിലെ തിരച്ചിൽ തൽക്കാലം നിർത്തുകയാണെന്നും കാലാവസ്ഥ അനുകൂലമായാൽ പുനരാരംഭിക്കുമെന്നുമാണ് കർണാടക മന്ത്രി മംഗൾ വൈദ്യ ഇന്നലെ വൈകിട്ട് അറിയിച്ചത്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിച്ചതോടെ കർണാടക നിലപാടു മയപ്പെടുത്തുകയായിരുന്നു. പ്രാദേശിക മത്സ്യത്തൊഴിലാളി ഈശ്വർ മൽപെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനാ ശ്രമങ്ങൾ ഇന്നലെ ഉച്ചകഴിഞ്ഞ് 3ന് ഉപേക്ഷിച്ചു. ശക്തമായ ഒഴുക്കാണെന്നും ഇങ്ങനെയൊരു പുഴയുടെ അടിത്തട്ട് ഇതുവരെ കണ്ടിട്ടില്ലെന്നുമാണ് ഈശ്വർ മൽപെ പ്രതികരിച്ചത്.
പുഴയിലെ പരിശോധനയിൽ കല്ലും മണ്ണും ആൽമര അവശിഷ്ടവും കട്ടയും മാത്രമാണു ലഭിച്ചതെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടർ ലക്ഷ്മിപ്രിയ അറിയിച്ചു. അടുത്ത 21 ദിവസം കാലാവസ്ഥ പ്രതികൂലമാണെന്ന മുന്നറിയിപ്പുണ്ട്. വൈകിട്ട് കേരള – കർണാടക പ്രതിനിധികൾ ഷിരൂരിൽ ചർച്ച നടത്തി. തുടർന്ന് തൃശൂർ കാർഷിക സർവകലാശാലയിൽനിന്നു ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തിയന്ത്രം റോഡുമാർഗം എത്തിച്ച് മണ്ണും ചെളിയും നീക്കി പരിശോധന തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറിയിച്ചു. യന്ത്രം ഉടൻ എത്തിക്കാമെന്നു കേരളം അറിയിച്ചെങ്കിലും ആദ്യമൊരു ഉദ്യോഗസ്ഥനെത്തി സാധ്യത പരിശോധിച്ചശേഷം മാത്രം മതിയെന്ന് കർണാടക അറിയിച്ചു.
തിരച്ചിൽ നിർത്തരുത്: അർജുന്റെ വീട്ടുകാർ
കോഴിക്കോട് ∙ ‘തിരച്ചിൽ ഒരുകാരണവശാലും നിർത്തരുത്’ – തിരച്ചിൽ നിർത്തിയെന്നും ഇല്ലെന്നുമുള്ള വാർത്തകൾക്കിടയിൽ അർജുന്റെ കുടുംബത്തിന്റെ പ്രതികരണം ഇതായിരുന്നു. എല്ലാ സാങ്കേതികസഹായങ്ങളും പ്രയോജനപ്പെടുത്തി തിരച്ചിൽ തുടരണമെന്ന് അർജുന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. തിരച്ചിൽ പെട്ടെന്നു നിർത്തുകയാണെന്നു പറഞ്ഞത് അംഗീകരിക്കാനാവില്ല. അർജുനെപ്പോലെ 2 പേരെക്കൂടി കണ്ടെത്താനുണ്ട്. അവരെയും കണ്ടെത്തണം. കക്ഷിരാഷ്ട്രീയ ഭേദമെന്യേയുള്ള പിന്തുണ തുടരണമെന്നും ആവശ്യപ്പെട്ടു.