മാവോയിസ്റ്റ് നേതാവ് ഷൊർണൂരിൽ പിടിയിൽ
Mail This Article
ഷൊർണൂർ ∙ മാവോയിസ്റ്റ് നേതാവ് വയനാട് സ്വദേശി സോമനെ (58) ഷൊർണൂരിൽ നിന്നു ഭീകരവിരുദ്ധ സേനയും (എടിഎസ്), തണ്ടർബോൾട്ട് കമാൻഡോ സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ പന്ത്രണ്ടോടെ സ്പെഷൽ ഒാപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) എസ്പി തപോഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് സോമനെതിരെ 66 കേസുകളുണ്ട്. സോമനെ പാലക്കാട്ടെത്തിച്ചു ചോദ്യം ചെയ്യുകയാണ്.
-
Also Read
വൈദ്യുതിനിരക്ക് പകൽ കുറയും, രാത്രി കൂടും
2011ലാണ് സോമൻ മാവോയിസ്റ്റ് പീപ്പിൾസ് ഗറില്ലാ ആർമിയിൽ കർണാടകയിൽ പരിശീലനം നേടിയതെന്ന് എടിഎസ് പറഞ്ഞു. സംഘടനാ മുൻ നേതാവ് രൂപേഷിന്റെ നേതൃത്വത്തിൽ സൈലന്റ് വാലി ഫോറസ്റ്റ് സ്റ്റേഷൻ, പാലക്കാട് കെഎഫ്സി തുടങ്ങി 10 സ്ഥലങ്ങളിലെ ആക്രമണങ്ങളിൽ പങ്കെടുത്തു. പൊതുതിരഞ്ഞെടുപ്പ് ബഹിഷ്കരണ ക്യാംപെയ്നിനും നേതൃത്വം നൽകി. മാവോയിസ്റ്റ് സംഘടന സോണൽ കമ്മിറ്റി അംഗമായ സോമൻ ഉൾപ്പെട്ട സംഘത്തിനാണു രാഷ്ട്രീയ, സൈനിക ക്യാംപെയ്നുകളുടെ ചുമതല. വയനാട് കബനിദളം ഏരിയ നേതാവു കൂടിയാണ്.
വയനാട്ടിൽ ആദിവാസി മേഖലയിലൂടെ സോമൻ നടക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വയനാട് മക്കിമലയിൽ സ്ഫോടകവസ്തുക്കൾ കുഴിച്ചിട്ട സംഘത്തിൽ സോമനുണ്ടെന്നാണ് എടിഎസിന്റെ കണ്ടെത്തൽ. 2013ലാണ് ഇയാൾക്കെതിരെ ആദ്യ കേസെടുത്തത്. സംഘടനയ്ക്കുള്ളിൽ അക്ബർ, ഷാഹിദ് എന്നീ പേരുകളിൽ അറിയപ്പെടുന്നു. ആരോഗ്യപ്രശ്നങ്ങളാൽ 2021 മുതൽ ഒന്നരവർഷത്തോളം പ്രവർത്തനങ്ങളിൽ നിന്നു മാറിനിന്നു ചികിത്സ തേടി. ഒന്നരവർഷം മുൻപാണു വീണ്ടും സജീവമായത്.
അറസ്റ്റിനു ശേഷം പാലക്കാട് ജില്ലയിലെ കേസുകളിൽ സോമനെ കസ്റ്റഡിയിലെടുത്തു. എടിഎസ്, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉൾപ്പെടെയുള്ള വിവിധ ഏജൻസികളും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
എല്ലാറ്റിനും ഒരുത്തരം: ‘ഞാൻ സോമനല്ല’
∙ ‘നിങ്ങൾക്ക് ആരെയും പിടിക്കാം, എന്തും ആരോപിക്കാം. എന്തു പേരും വിളിക്കാം. എന്നാൽ, അതു ഞാനാകണമെന്നു ശഠിക്കുന്നതു ശരിയല്ല’– കമാൻഡോ സംഘത്തിന്റെ ചോദ്യംചെയ്യലിനിടെ സോമൻ പ്രതികരിച്ചു. താൻ സോമനല്ലെന്നാണു ചോദ്യങ്ങൾക്ക് ആവർത്തിച്ചുള്ള മറുപടി. ശാരീരികാസ്വസ്ഥ്യമുണ്ടെന്നു പറഞ്ഞതിനാൽ വൈദ്യപരിശോധന നടത്തി. സാമ്പത്തികമായി ഏറെ പിന്നാക്കമായ കുടുംബത്തിലെ അംഗമായ സോമൻ ആദ്യം മാധ്യമപ്രവർത്തകനായിരുന്നു. ഒരു സായാഹ്ന പത്രം ആരംഭിച്ചിരുന്നു. തോട്ടം മേഖലയിലെയും സംസ്ഥാന അതിർത്തികളിലെയും വട്ടിപ്പലിശക്കാരുടെ പ്രവർത്തനത്തിനെതിരെ ശക്തമായ നീക്കങ്ങൾക്കു നേതൃത്വം നൽകി. ഇതിനിടെ, വായ്പ തിരിച്ചടക്കാത്തതിനെ തുടർന്നു വീടു ജപ്തി ചെയ്യപ്പെട്ടു. പിന്നീട് മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി കർണാടകയിലെത്തി.
പുറത്തിറങ്ങിയത് 4 പേർ; പിടിയിലായത് 2 പേർ
∙ വയനാടൻ കാടുകളിൽ നിന്നു പുറത്തിറങ്ങിയ മാവോയിസ്റ്റുകളായ സോമൻ, മനോജ്, സി.പി.മൊയ്തീൻ, തമിഴ്നാട്ടുകാരനായ സന്തോഷ് എന്നിവരിൽ മനോജിനെ കഴിഞ്ഞദിവസം കൊച്ചിയിൽ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ളവർക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണു സോമൻ പിടിയിലായത്. സംസ്ഥാനം വിടാൻ നീക്കം നടക്കുന്നതിനിടയിലാണ് അറസ്റ്റ് എന്നു സൂചനയുണ്ട്. എന്നാൽ, ഇവർ സംഘടനയുടെ വിപുലമായ യോഗത്തിന് ഒരുങ്ങുകയായിരുന്നു എന്നാണ് എടിഎസ് നിഗമനം.
മാവോയിസ്റ്റ് കേസിൽ ഷൊർണൂരിലെയും കൊച്ചിയിലെയും അറസ്റ്റുമായി ബന്ധപ്പെട്ട് എറണാകുളം പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 3 വീടുകളിൽ എടിഎസിന്റെ റെയ്ഡ് നടന്നു. ചൂണ്ടി സ്വദേശി ജോയി, വടവുകോട് സ്വദേശി അനീഷ്, അശോകൻ എന്നിവരുടെ വീടുകളിലാണു റെയ്ഡ് നടന്നത്. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. തെളിവൊന്നും ലഭിച്ചില്ലെന്നാണു സൂചന.