വീടു നിറയെ തെരുവുനായ്ക്കൾ; മോനിച്ചന്റെ ഉറക്കം ഓട്ടോയിൽ
Mail This Article
കോട്ടയം ∙ സർക്കാർ തീരുമാനപ്രകാരം തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാനിറങ്ങി; ജീവിതം വഴിമുട്ടി മോനിച്ചൻ വാകത്താനം. നായ്ക്കളിൽ കൂടുതലും വീട്ടിൽ ചേക്കേറിയതോടെ മോനിച്ചന്റെ രാത്രിയുറക്കം പലപ്പോഴും പുറത്ത് സുഹൃത്തിന്റെ ഓട്ടോറിക്ഷയിലാണ്.
65 തെരുവുനായ്ക്കൾക്കാണ് മോനിച്ചൻ (മാത്യു ഡേവിഡ്) ഭക്ഷണം നൽകിവരുന്നത്. ഇതിൽ 20 എണ്ണം മോനിച്ചന്റെ പുത്തൻചന്തയിലെ മൂന്നു മുറികളുള്ള ചിറയിൽ വീട്ടിൽ സ്ഥിരതാമസമാണ്. നായ്ക്കളുടെ എണ്ണം കൂടിയതോടെ വീട്ടുമുറ്റത്ത് പട്ടിക്കൂട് പണിതു നൽകണമെന്ന മോനിച്ചന്റെ അപേക്ഷയിൽ പഞ്ചായത്തും സർക്കാരും കൈമലർത്തി.
തെരുവിൽ അലയുന്ന മനുഷ്യർക്കു മാത്രമല്ല നായ്ക്കൾക്കും മറ്റും ഭക്ഷണം നൽകി കാരുണ്യത്തിന്റെ കരം നീട്ടണമെന്നു കോവിഡ് കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തത്. എൽഡിഎഫ് ഭരിക്കുന്ന വാകത്താനം പഞ്ചായത്ത് ദൗത്യത്തിനു മുന്നിട്ടിറങ്ങി. മൃഗസ്നേഹി മോനിച്ചനു ചുമതല നൽകി. അരി വാങ്ങുന്നതിന് ആദ്യനാളുകളിൽ പഞ്ചായത്ത് ധനസഹായവും നൽകി. വയോധികർക്കു മുതൽ പക്ഷികൾക്കു വരെ ഭക്ഷണം നൽകുന്ന ചുമതല ഓരോരുത്തർക്കു നൽകി പദ്ധതി ആഘോഷപൂർവം ഉദ്ഘാടനം ചെയ്തു.
പിന്നീട് ഇതെല്ലാം നിലച്ചെങ്കിലും നായ്ക്കൾക്കു ഭക്ഷണം നൽകുന്നത് മോനിച്ചൻ സ്വന്തം നിലയിൽ തുടർന്നു. സുഹൃത്തുക്കളായ വ്യാപാരികളും ഹോട്ടലുടമകളുമാണ് സഹായിക്കുന്നത്. വാകത്താനത്തും പരിസരങ്ങളിലും അലയുന്ന നായ്ക്കൾക്ക് എല്ലാ ദിവസവും രാത്രി 10നു ശേഷം ഭക്ഷണം നൽകിവരുന്നുണ്ട്. വാഹനാപകടത്തിൽ പരുക്കേറ്റതും അസുഖമുള്ളതുമായ നായ്ക്കളെ വീട്ടിലാക്കി സംരക്ഷിച്ചു. ഇതോടെയാണ് മറ്റു നായ്ക്കളും വീട്ടിൽ താമസമാക്കിയത്. ആക്രമണകാരികളായ നായ്ക്കൾ മുറ്റത്തേക്ക് ഇറങ്ങാതിരിക്കാൻ വീട്ടിലെ മുറികളുടെ വാതിൽ അടച്ചിടും.
പട്ടിക്കൂടിനായി നവകേരള സദസ്സിൽ മോനിച്ചൻ അപേക്ഷ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് പഞ്ചായത്തിനു കൈമാറിയ അപേക്ഷയിന്മേൽ മൃഗസംരക്ഷണ വകുപ്പിന്റെ അഭിപ്രായം തേടി. വെറ്ററിനറി ഡോക്ടർമാർ അനുകൂല റിപ്പോർട്ട് നൽകിയിട്ടും അധികൃതരാരും കനിയാത്തതിന്റെ ആശങ്കയിലാണ് ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന മോനിച്ചന്റെ കുടുംബം.