ADVERTISEMENT

കൊച്ചി ∙ ബാലവിവാഹ നിരോധന നിയമം മതവ്യത്യാസമില്ലാതെ എല്ലാ പൗരർക്കും ബാധകമാണെന്നു ഹൈക്കോടതി വ്യക്തമാക്കി. രാജ്യത്തിനകത്താണെങ്കിലും പുറത്താണെങ്കിലും ഇന്ത്യൻ പൗരർക്ക് ഈ നിയമം ബാധകമാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. ഓരോ ഇന്ത്യക്കാരനും ആദ്യം രാജ്യത്തിന്റെ പൗരനാകുകയാണു ചെയ്യുന്നത്. ശേഷമാണു മതത്തിൽ അംഗമാകുന്നത്. ബാലവിവാഹ നിരോധന നിയമം (2006) ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യക്തിനിയമങ്ങൾക്കും മുകളിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബാലവിവാഹത്തിന്റെ പേരിൽ വടക്കഞ്ചേരി പൊലീസ് എടുത്ത കേസിൽ ആലത്തൂർ മജിസ്ട്രേട്ട് കോടതിയുടെ വിചാരണ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പുതുക്കോട് സ്വദേശികളായ 5 പ്രതികൾ നൽകിയ ഹർജി തള്ളിയാണ് ഉത്തരവ്. 2012 ഡിസംബർ 30ന് ആയിരുന്നു കേസിനാസ്പദമായ വിവാഹം. ബാലവിവാഹം നടന്നെന്നു കാട്ടി 

ആലത്തൂർ ശിശുവികസന ഓഫിസർക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു കേസ് റജിസ്റ്റർ ചെയ്തത്. ഋതുമതിയായ 15വയസ്സുകാരിക്കു വിവാഹിതയാകാൻ മു‌സ്‌ലിം വ്യക്തിനിയമം അനുമതി നൽകുന്നുണ്ടെന്നും ബാലാവകാശ നിയമം 2006 പെൺകുട്ടിയുടെ അവകാശത്തെ ലംഘിക്കുന്നതാണെന്നുമുള്ള ഹ‌ർജിക്കാരുടെ വാദം തള്ളിയാണു ഹൈക്കോടതി ഉത്തരവ്. പരാതി നൽകുന്നതിൽ താമസമുണ്ടായെന്നും സ്കൂൾ അധികൃതർ പെൺകുട്ടിയുടെ ജനനത്തീയതി തെറ്റായാണു രേഖപ്പെടുത്തിയതെന്നുമുള്ള ഹർജിക്കാരുടെ വാദവും കോടതി അംഗീകരിച്ചില്ല. ഇത് വിചാരണക്കോടതിയിൽ ഉന്നയിക്കാമെന്നും വ്യക്തമാക്കി. 

English Summary:

High Court Upholds Child Marriage Ban for All Indian Citizens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com