ADVERTISEMENT

തിരുവനന്തപുരം ∙ വയനാട് ക്യാംപിലെ തീരുമാനങ്ങൾ നടപ്പാക്കാൻ ശ്രമിച്ച തനിക്കെതിരെ ചില കെപിസിസി ഭാരവാഹികൾ വിമർശനമുന്നയിച്ചെങ്കിലും തദ്ദേശതിരഞ്ഞെടുപ്പിനുള്ള ‘മിഷൻ 2025’ പ്രവർത്തനങ്ങളിൽ പ്രതിപക്ഷ നേതാവ് വി.‍ഡി.സതീശൻ ഇന്നു മുതൽ സജീവമാകും. ഇന്നു മലപ്പുറത്തു ജില്ലാ ക്യാംപിൽ അദ്ദേഹം പങ്കെടുക്കുമെന്നാണു വിവരം. കെപിസിസി ഭാരവാഹിയോഗത്തിലെ വിമർശനങ്ങൾ മാധ്യമങ്ങൾക്കു നൽകിയതിൽ എഐസിസി നേതൃത്വം ഇടപെട്ട് അന്വേഷണം പ്രഖ്യാപിച്ചതു പ്രതിപക്ഷ നേതാവിനെ തണുപ്പിച്ചിട്ടുണ്ട്. പരാതിയും പരിഭവവുമല്ല, പാർട്ടിയെ ഒരു വലിയ ദൗത്യത്തിനു തയാറാക്കുമ്പോൾ ഒപ്പംനിൽക്കേണ്ടവർ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ വേദനയാണു തനിക്കുള്ളതെന്ന് എഐസിസി ജനറൽ സെക്രട്ടറി

ദീപ ദാസ്മുൻഷിയുമായി ഫോണിൽ നടത്തിയ ആശയവിനിമയത്തിൽ സതീശൻ സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, വാർത്ത ചോർത്തിയവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച ദീപ ദാസ്മുൻഷി, ഇക്കാര്യം പിന്നീട് സതീശനെ അറിയിക്കുകയും ചെയ്തിരുന്നു. മിഷൻ 2025 ദൗത്യവുമായി മുന്നോട്ടുപോകണമെന്നും ആവശ്യപ്പെട്ടു.

സർക്കാരിന്റെ വാർഡ് വിഭജന നീക്കവുമായി ബന്ധപ്പെട്ടു ജില്ലാതലം മുതൽ തദ്ദേശസ്ഥാപനതലം വരെ നാളേക്കുള്ളിൽ കമ്മിറ്റികളുണ്ടാക്കണമെന്നു പ്രതിപക്ഷ നേതാവും കെപിസിസിയും നിർദേശം നൽകിയിരുന്നു. നിയമസഭാ മണ്ഡലം, തദ്ദേശസ്ഥാപന തലങ്ങളിൽ തിരഞ്ഞെടുപ്പിന്റെ ചുമതല നേതാക്കൾക്കു നൽകേണ്ടതു നാളേക്കകമാണ്. ഓഗസ്റ്റ് അ‍ഞ്ചിനകം നിയോജകമണ്ഡലം തലത്തിൽ വരെ ക്യാംപ് എക്സിക്യൂട്ടീവുകൾ ചേരുകയും ഓഗസ്റ്റ് 15ന് അകം വാർഡ് കമ്മിറ്റികൾ രൂപീകരിക്കുകയും വേണമെന്നും നിർദേശിച്ചിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഈ നാലു കാര്യങ്ങളിലും പ്രതിപക്ഷ നേതാവ് പ്രത്യേക താൽപര്യമെടുക്കുന്നതിനാൽ ഇക്കാര്യങ്ങൾ അദ്ദേഹം തുടർന്നും ഏകോപിപ്പിക്കും. വയനാട് ക്യാംപ് എക്സിക്യൂട്ടീവ് തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ പ്രസിഡന്റിന്റെ അഭാവത്തിലും കെപിസിസി നേതൃത്വം മുന്നോട്ടുപോകുന്നുണ്ട്. ജില്ലാ ക്യാംപുകളെല്ലാം പറഞ്ഞസമയത്തുതന്നെ നടത്താനായി. 

വിദേശയാത്രയിലുള്ള കെപിസിസി പ്രസിഡന്റ് ആറിനാണു മടങ്ങിയെത്തുക. ഇതിനകം അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ ദീപ ദാസ്മുൻഷിക്കു റിപ്പോർട്ട് കൈമാറും. വാർത്ത ചോർത്തിയ സംഭവം അന്വേഷിക്കാൻ തിരുവഞ്ചൂരിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള സെക്രട്ടറിമാർ വഴി അന്വേഷണത്തിന്റെ പുരോഗതി ദിനംപ്രതി എഐസിസി വിലയിരുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെത്തന്നെ തിരുവഞ്ചൂർ അന്വേഷണം തുടങ്ങിയതായാണു വിവരം.

English Summary:

VD Satheesan ready for 'Mission 2025'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com