അർജുൻ ദൗത്യം: സൈന്യവും മടങ്ങി; തൃശൂർ കാർഷിക സർവകലാശാലാ സംഘം ഇന്നു ഷിരൂരിൽ
Mail This Article
ഷിരൂർ (കർണാടക)∙ ഷിരൂരിൽ മണ്ണിടിച്ചിലിനെത്തുടർന്നു കാണാതായ അർജുനു വേണ്ടിയുള്ള ഗംഗാവലിപ്പുഴയിലെ തിരച്ചിൽ ഏറെക്കുറെ നിലച്ചു. കര, നാവികസേനാ അംഗങ്ങൾ ഇന്നലെ തിരിച്ചുപോയി. ഞായറാഴ്ച തിരച്ചിൽ നടത്തിയ പ്രാദേശിക മത്സ്യത്തൊഴിലാളികളും ഇന്നലെ ഇറങ്ങിയില്ല. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനയിലെ ഏതാനും അംഗങ്ങൾ പുഴയിൽ ബോട്ടുമായി ഇറങ്ങിയെങ്കിലും കാര്യമായ നീക്കങ്ങളൊന്നും ഉണ്ടായില്ല.
ദൗത്യത്തിനു ഡ്രജർ എത്തിക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ തൃശൂർ കാർഷിക സർവകലാശാലാ പ്രതിനിധികൾ ഇന്നു സ്ഥലം സന്ദർശിക്കും. ഡ്രജർ ഉപയോഗിച്ച് മണ്ണും ചെളിയും നീക്കി തിരച്ചിൽ നടത്താനാകുമോ എന്നതാകും പരിശോധിക്കുക. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി കോൾനിലങ്ങളിൽ തോടുകളും ചാലുകളും നിർമിക്കാനും വൃത്തിയാക്കാനും ഉപയോഗിച്ചിരുന്ന ഡ്രജറാണിത്.
കൃഷിവകുപ്പ് വാങ്ങി കാർഷിക സർവകലാശാലയുടെ ഗവേഷണകേന്ദ്രത്തിനു കൈമാറുകയായിരുന്നു. ഡ്രജർ ഇപ്പോൾ തൃശൂർ എൽത്തുരുത്തിലെ പാടശേഖരത്തിലാണുള്ളത്. പുഴയിലെ ഒഴുക്കു കുറഞ്ഞാലേ, ഈ യന്ത്രം ഉപയോഗിച്ചും തിരച്ചിൽ സാധ്യമാകൂ എന്നാണ് വിവരം. കേരളത്തിന്റെ സമ്മർദം ശക്തമാണെങ്കിലും, എല്ലാ സാധ്യതകളും തേടിയെന്നും ഇനിയൊന്നും ചെയ്യാനില്ലെന്നുമുള്ള നിലപാടിൽത്തന്നെയാണ് കർണാടക.