ക്ഷേത്രച്ചടങ്ങുകൾക്ക് ആന: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വേണമെന്ന് വനംവകുപ്പ്
Mail This Article
കോട്ടയം ∙ ഇനി ആനകളുടെ ‘ക്ഷേത്രപ്രവേശനം’ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു ശേഷം മാത്രം. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഉള്ള ആനകളെ മാത്രമേ ക്ഷേത്രങ്ങളിലെയും മറ്റ് ആരാധനാലയങ്ങളിലെയും ചടങ്ങുകൾക്ക് ഉപയോഗിക്കാവുവെന്നു വനംവകുപ്പ്. കേരളത്തിലെ ദേവസ്വം ബോർഡുകളിലെ ഭൂരിപക്ഷം ആനകൾക്കും ഈ സർട്ടിഫിക്കറ്റ് ഇല്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആകെയുള്ള 23 ആനകൾക്കും ‘ഉടമസ്ഥരില്ല.’ ഗുരുവായൂർ ദേവസ്വത്തിലെ 38 ആനകളിൽ 16 ആനകൾക്കും കൊച്ചിൻ ദേവസ്വം ബോർഡിലെ 6 ആനകൾക്കും ഉടമസ്ഥാവകാശ രേഖയില്ല. ഫീസ് അടച്ച് അപേക്ഷ നൽകിയിട്ട് വർഷങ്ങളായിട്ടും വനംവകുപ്പ് സർട്ടിഫിക്കറ്റ് നൽകിയില്ലെന്നാണു ഗുരുവായൂർ ദേവസ്വം അധികൃതരുടെ വിശദീകരണം.
-
Also Read
പുലി ആടുകളെ ആക്രമിച്ചു
സ്വകാര്യ ദേവസ്വങ്ങളുടെയും വ്യക്തികളുടെയും ഉടമസ്ഥതയിലായി കേരളത്തിലാകെ 409 ആനകളാണുള്ളത്. ഇതിൽ 13 എണ്ണത്തിനു മാത്രമേ ഉടമസ്ഥാവകാശമുള്ളു. ഉടമസ്ഥാവകാശ രേഖയില്ലാതെ ആനകളെ പരിപാലിക്കുന്നതു 7 വർഷം തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ആനകൾക്കുള്ള മൈക്രോ ചിപ്പും ഡേറ്റ ബുക്കും ഉടമസ്ഥാവകാശ രേഖയ്ക്കു പകരമല്ല.
എല്ലാ ആനകൾക്കും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മുൻകൂട്ടി റജിസ്റ്റർ ചെയ്ത ഉത്സവങ്ങൾക്കും പെരുനാളുകൾക്കും പൂരങ്ങൾക്കും മാത്രമേ ആനകളെ അനുവദിക്കുന്നുള്ളു. - കെ.ബി.സുഭാഷ്,അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കോട്ടയം.
ഉടമകളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ആനകൾക്ക് താൽക്കാലിക ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് 2018 ൽ സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഇക്കാര്യം നടപ്പായില്ല. - പി.എസ്.രവീന്ദ്രനാഥൻ, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ.