ദേവന വന്നൂ, വേദന മറന്നു: പാടാനും പറയാനും ഇഷ്ടപ്പെട്ട് ചാരിത്ര; അവളെക്കേട്ടും കൂടെപ്പാടിയും ദേവന
Mail This Article
കണ്ണൂർ ∙ ‘ചാരിത്രയ്ക്കു സംസാരിക്കാനാണിഷ്ടം. എനിക്കു കേൾക്കാനും. അതാണു ഞങ്ങളുടെ സൗഹൃദത്തിനുള്ള അടിക്കുറിപ്പ്’– പയ്യന്നൂർ കോളജിന്റെ വരാന്തയിലൂടെ ചാരിത്ര അശോകിന്റെ ചക്രക്കസേരയും പിടിച്ചു നടക്കുമ്പോൾ കെ.ദേവന പറഞ്ഞു. ‘സ്കൂളിലൊന്നും എന്നെ കേൾക്കാൻ ആരുമില്ലായിരുന്നു. ഇപ്പോൾ നഷ്ടപ്പെട്ട എന്തൊക്കെയോ തിരിച്ചുകിട്ടിയതുപോലെ... അന്നു നഷ്ടപ്പെട്ടത് നല്ല സൗഹൃദമായിരുന്നെന്നു തിരിച്ചറിഞ്ഞത് ദേവന വന്നതോടെയാണ്’– തന്റെ മനസ്സിന്റെ കണ്ണാടിയായിമാറിയ സുഹൃത്തിനെക്കുറിച്ചു ചാരിത്രയുടെ വാക്കുകൾ.
കരിവെള്ളൂർ ഓണക്കുന്ന് ശിവം വീട്ടിൽ റിട്ട.അധ്യാപകൻ പി.വി.അശോക്–ടി.വി.കൽപന ദമ്പതികളുടെ ഏകമകൾ ചാരിത്ര അശോകും ദേവ്ദർശ് വീട്ടിൽ കെ.രവീന്ദ്രൻ–കെ.ഷിനി ദമ്പതികളുടെ മകൾ കെ.ദേവനയും ബിഎ ഇംഗ്ലിഷ് രണ്ടാംവർഷ വിദ്യാർഥികളാണ്. ഒരേ നാട്ടുകാരാണെങ്കിലും ഇരുവരും പരിചയപ്പെടുന്നത് കോളജ് അഡ്മിഷനു വന്നപ്പോഴാണ്. സെറിബ്രൽ പാൾസി കാരണം ചക്രക്കസേരയിലായ ചാരിത്ര അച്ഛന്റെ കൂടെ കാറിലാണു കോളജിൽ വരിക. അപ്പോഴേക്കും ദേവന ഇവിടെയെത്തും. പിന്നീട് എല്ലാ കാര്യവും ദേവനയുടെ കൈകളിൽ. ചക്രക്കസേരയിൽ ഇരുത്തുന്നതും കാറിൽക്കയറാൻ സഹായിക്കുന്നതും ക്യാംപസിൽ ക്ലാസിലേക്കു കൊണ്ടുപോകുന്നതുമെല്ലാം ദേവന തന്നെ. ക്ലാസിലെ ഇരുത്തവും പഠനവും ഉച്ചഭക്ഷണവും സൊറപറച്ചിലുമെല്ലാം ഒന്നിച്ചുതന്നെ. വൈകിട്ട് അശോകിന്റെ കാറിൽ ഇരുവരും വീട്ടിലേക്ക്. ചാരിത്രയെ വീട്ടിലാക്കിയ ശേഷമേ ദേവന പോകൂ.
‘കോളജിലെ ഉച്ചസമയത്തൊക്കെ ഞങ്ങൾ പാട്ടുപാടിയിരിക്കും. എത്ര സംസാരിച്ചാലും ചാരിത്രയ്ക്കു മതിയാകില്ല; കേട്ടാൽ എനിക്കും’– സൗഹൃദാധ്യായത്തിലെ ഏടുകൾ മറിച്ചുകൊണ്ട് ദേവന പറഞ്ഞു. ‘ഒരു പ്രത്യേക ജീവിയായിട്ടായിരുന്നു എന്നെ മുൻപൊക്കെ കുട്ടികൾ കണ്ടിരുന്നത്. ശരിക്കുമൊരു അന്യഗ്രഹജീവി’– ദേവനയുടെ കൈപിടിച്ചുകൊണ്ട് ചാരിത്ര പറഞ്ഞു. അവളെ അങ്ങനെ ആളുകൾ കാണുന്നത് ഇഷ്ടമല്ലെന്നു ദേവനയുടെ പിന്തുണ. സംഗീതത്തിൽ ഗവേഷണം നടത്താനാണു ചാരിത്രയുടെ താൽപര്യം. എഴുത്തുകാരിയാകാൻ ദേവനയും.