ADVERTISEMENT

തിരുവനന്തപുരം∙ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായി അറിയപ്പെടുന്ന മുണ്ടക്കൈ തീവ്രദുരന്തബാധിത പ്രദേശമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതു മനുഷ്യവാസമുള്ള പ്രദേശമല്ല. ഒഴുകിവന്ന മണ്ണും പാറകളും ദുരന്തബാധിത സാധ്യതയില്ലാത്ത ചൂരൽമല അങ്ങാടിയെന്ന പ്രദേശത്താണ് അടിഞ്ഞത്. ഈ സ്ഥലം പ്രഭവകേന്ദ്രത്തിന്റെ ആറു കിലോമീറ്റർ അകലെയാണ്. നിരപ്പായ പുഴയുടെ തീരവും വർഷങ്ങളായി ജനവാസമുള്ള മേഖലയുമാണ്. മഴ കനത്തതിനാൽ ആളുകളെ മാറ്റിപ്പാർപ്പിച്ചത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. 64 മുതൽ 204 വരെ മില്ലിമീറ്റർ മഴ പെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ ആദ്യ 24 മണിക്കൂറിൽ 200 മില്ലിമീറ്ററും അടുത്ത 24 മണിക്കൂറിൽ 372 മില്ലിമീറ്ററും മഴ പെയ്തു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ മഴയും പ്രകൃതി ദുരന്തങ്ങളും പ്രവചനാതീതമാണ്. ഏറെക്കാലമായി ജീവിക്കുന്ന പ്രദേശത്ത് മുൻപ് അത്തരം അനുഭവങ്ങളുണ്ടായിട്ടില്ലായിരിക്കും. എന്നാൽ മാറിയ സാഹചര്യത്തിൽ ദുരന്തസാധ്യതാ മുന്നറിയിപ്പുണ്ടെങ്കിൽ എല്ലാവരും പാലിക്കാൻ തയാറാകണം. ഏറെക്കാലമായി താമസിക്കുന്ന ഇടമാണ്, മാറാൻ ബുദ്ധിമുട്ടുണ്ട് എന്ന ചിന്ത മാറ്റിവയ്ക്കണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്, സംസ്ഥാന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരെല്ലാം ഫോണിൽ ബന്ധപ്പെട്ട് ദുരന്തമുഖത്ത് ഒരുമിച്ചു പ്രവർത്തിക്കാനുള്ള സന്നദ്ധത അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

സംഭാവനകൾക്ക് ആഹ്വാനം

ദുരിതബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ജനങ്ങൾ സംഭാവന നൽകണം. കേരള ബാങ്ക് 50 ലക്ഷം രൂപ നൽകി. കൊച്ചി വിമാനത്താവള കമ്പനി രണ്ടു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ക്യാംപുകളിലേക്കുള്ള സഹായങ്ങൾ കലക്ടർ മുഖേന നൽകുന്നതാണു നല്ലതെന്നു മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Evacuation of people reduced intensity of disaster says Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com