33 ജീവൻ പൊലിഞ്ഞ അടിമാലി ഉരുൾപൊട്ടൽ; ഇടുക്കി കണ്ട വലിയ പ്രകൃതി ദുരന്തമുണ്ടായത് 50 വർഷം മുൻപ്
Mail This Article
കോട്ടയം ∙ വയനാടിനെ തകർത്തെറിഞ്ഞ ഉരുൾപൊട്ടലിന്റെ വിറങ്ങലിൽ നിൽക്കുമ്പോൾ, ഹൈറേഞ്ചിൽ വൻനാശം വിതച്ച ഉരുൾ പൊട്ടലിന്റെ നടുക്കുന്ന ഓർമയ്ക്ക് 50 വയസ്സ്. 1974 ജൂലൈ 26നു ഹൈറേഞ്ചിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 33 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. അഞ്ചു ദിവസം തോരാതെ പെയ്ത പേമാരിയെത്തുടർന്നായിരുന്നു ആ ഉരുൾപൊട്ടൽ.
അടിമാലി, കല്ലാർകുട്ടി, വെള്ളത്തൂവൽ, മന്നാംകണ്ടം, കൊന്നത്തടി, മങ്കുവ, പെരിഞ്ചാംകുട്ടി, മുരിക്കാശേരി, മാൻകടവ്, കീരിത്തോട്, ചുരളി, പള്ളിവാസൽ, കത്തിപ്പാറ, കൂമ്പൻപാറ, പഴമ്പള്ളിച്ചാൽ എന്നിവിടങ്ങളിലാണു നാശമുണ്ടായത്. അടിമാലിയിലും വെള്ളത്തൂവലിലുമായിരുന്നു ഏറ്റവും കൂടുതൽ നാശനഷ്ടം. മൂന്നു ദിവസങ്ങൾക്കു ശേഷമാണു ചില മൃതദേഹങ്ങൾ അന്നു കണ്ടെത്താനായത്.
അടിമാലിക്കു സമീപം ആദിവാസികൾക്കായുള്ള സെറ്റിൽമെന്റ് പ്രദേശത്തെ എല്ലാ വീടുകളും തകർന്നു. ഈ പ്രദേശം മണ്ണ് അടിഞ്ഞു കൂടി മൈതാനം പോലെയായി മാറി. വെള്ളത്തൂവലിൽ റോഡ് 20 അടി ദൂരത്തിൽ ഒലിച്ചുപോയി. കല്ലാർകുട്ടി ഡാമിൽ മണ്ണ് വന്നടിഞ്ഞു. ഇവിടെ വാച്ച്മാന്റെ ഷെഡ് തകർന്നു. വാച്ച്മാൻ ഓടി രക്ഷപ്പെട്ടതായും അന്നത്തെ വാർത്തകളിൽ പറയുന്നു. റോഡുകളിലെ ഗതാഗതതടസ്സം മാറ്റാൻ അന്ന് 500 ജോലിക്കാരെയാണു പിഡബ്ല്യുഡി നിയോഗിച്ചത്. ഉരുൾപൊട്ടലിനെത്തുടർന്ന് നേര്യമംഗലം പവർ ഹൗസിലും വെള്ളം കയറിയിരുന്നു. കനത്ത കൃഷിനാശമാണ് അന്നു റിപ്പോർട്ട് ചെയ്തത്.