ഡൽഹി സിവിൽ സർവീസ് കോച്ചിങ് സെന്ററിലെ മരണം: നെവിൻ ഡാൽവിന് വിടചൊല്ലി ജന്മനാട്
Mail This Article
തിരുവനന്തപുരം ∙ ഡൽഹി കരോൾബാഗ് ഓൾഡ് രജീന്ദർ നഗറിൽ സിവിൽ സർവീസ് കോച്ചിങ് സെന്ററിന്റെ ഭൂഗർഭ നിലയിൽ വെള്ളം നിറഞ്ഞു മുങ്ങിമരിച്ച മലയാളി വിദ്യാർഥി നെവിൻ ഡാൽവിന് ജന്മനാട് വിടചൊല്ലി. വിളവൂർക്കൽ പിടാരം ഡെയിൽ വില്ലയിലെ വീട്ടുവളപ്പിലാണു വലിയ സ്വപ്നങ്ങൾ നേടാൻ കൊതിച്ച നെവിന്റെ വിശ്രമസ്ഥലം. ഡൽഹിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം തിങ്കൾ രാത്രി പന്ത്രണ്ടോടെയാണു നെവിന്റെ മൃതദേഹം വിമാനമാർഗം തിരുവനന്തപുരത്ത് എത്തിച്ചത്. രാത്രി സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചശേഷം ഇന്നലെ രാവിലെ ഏഴോടെ വീട്ടിലെത്തിച്ചു.
നെവിന്റെ മാതാവ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പ്രഫ. ഡോ. ടി.എസ്.ലാൻസലെറ്റിന്റെ കുടുംബമാണു പിടാരത്ത് ഉള്ളത്. ഇവിടത്തെ ഡെയിൽ വില്ലയിലായിരുന്നു നെവിനും പിതാവ് റിട്ട. എ സിപി ജെ.ഡാൽവിൻ സുരേഷും മാതാവ് ലാൻസലെറ്റും താമസിച്ചിരുന്നത്. ജോലി ആവശ്യത്തിനായി ഇവർ 13 വർഷം മുൻപ് മലയാറ്റൂർ മുണ്ടങ്ങാമറ്റത്തെ വീട്ടിലേക്കു മാറി. കഴിഞ്ഞ മേയിലാണു നെവിൻ അവസാനമായി പിടാരത്തെ വീട്ടിൽ എത്തിയത്. മാസങ്ങളായി അടച്ചിട്ടിരുന്ന ഇവിടത്തെ വീട് നെവിന്റെ വിയോഗത്തെത്തുടർന്ന് ഞായറാഴ്ച തുറന്നു. പിന്നാലെ മരണവാർത്തയറിഞ്ഞവരുടെ ഒഴുക്കായിരുന്നു. മുറ്റത്തും വഴിയിലുമായി ആയിരങ്ങൾ അന്ത്യോപചാരമർപ്പിക്കാനെത്തി. രാവിലെ പത്തോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മന്ത്രി ജി.ആർ.അനിൽ, കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.
ഹർജി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി ∙ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലെ താഴത്തെ നിലയിൽ വെള്ളം നിറഞ്ഞു 3 യുവാക്കൾ മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. കോടതി മേൽനോട്ടത്തിൽ 3 അംഗ ഉന്നതതല സമിതി അന്വേഷണം നടത്തണമെന്നാണ് ആവശ്യം. വിഷയം ഇന്ന് ഹൈക്കോടതി പരിഗണിക്കും.