പിഎസ്‌സി പരീക്ഷകൾ മാറ്റി; ഇന്നു മുതൽ ഓഗസ്റ്റ് 2 വരെ പരീക്ഷ ഇല്ല
Mail This Article
തിരുവനന്തപുരം ∙ കാലവർഷ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നു മുതൽ ഓഗസ്റ്റ് 2 വരെ പിഎസ്‌സി നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അഭിമുഖ പരീക്ഷകൾക്കു മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളിൽനിന്ന് അഭിമുഖത്തിന് എത്താൻ കഴിയാത്തവർക്കു പിന്നീട് അവസരം നൽകുമെന്നും പിഎസ്‌സി അറിയിച്ചു. മലപ്പുറം, തൃശൂർ ജില്ലകളിൽ ഓഗസ്റ്റ് 2 വരെ നടത്താൻ നിശ്ചയിച്ച അഭിമുഖം മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.
പിഎസ്‌സി ഇന്നു നടത്താനിരുന്ന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സൂപ്രണ്ട് തസ്തികയിലേക്കുള്ള പരീക്ഷ ഓഗസ്റ്റ് 9ന് നടത്തും.
എച്ച്ഡിസി ആൻഡ് ബിഎം പരീക്ഷകൾ മാറ്റിവച്ചു
തിരുവനന്തപുരം ∙ വയനാട് ദുരന്ത പശ്ചാത്തലത്തിൽ സഹകരണ യൂണിയന്റെ നാളെ ആരംഭിക്കാനിരുന്ന എച്ച്ഡിസി ആൻഡ് ബിഎം പരീക്ഷകൾ മാറ്റിവച്ചു. 31, ഓഗസ്റ്റ് 2 തീയതികളിലെ പരീക്ഷകളാണു മാറ്റിയത്. മറ്റു പരീക്ഷകൾക്കു മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു സഹകരണ യൂണിയൻ അഡീഷനൽ റജിസ്ട്രാർ സെക്രട്ടറി അറിയിച്ചു.
പരീക്ഷ, വാക്ക് ഇൻ ഇന്റർവ്യൂ മാറ്റിവച്ചു
തിരുവനന്തപുരം ∙ കാർഷിക സർവകലാശാല ഇന്നു നടത്താനിരുന്ന പിഎച്ച്ഡി ഇൻ അനിമൽ സയൻസ് ആൻഡ് മൈക്രോബയോളജി പ്രവേശന പരീക്ഷയും ഫോറസ്ട്രി കോളജ് നടത്താനിരുന്ന പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂവും പ്രതികൂല കാലാവസ്ഥ കണക്കിലെടുത്തു മാറ്റിവച്ചു. പുതുക്കിയ തീയതി ഉടൻ അറിയിക്കും.
അഭിമുഖം ഓഗസ്റ്റ് 2ന്
തിരുവനന്തപുരം ∙ ലക്ചറർ ഇൻ കമേഴ്സ്യൽ പ്രാക്ടിസ്, ലക്ചറർ ഇൻ സിവിൽ എൻജിനീയറിങ് തസ്തികകളിലേക്ക് ഓഗസ്റ്റ് 2നു പിഎസ്‌സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും.
ഡിഎസ്പി പരീക്ഷകൾ മാറ്റി
തിരുവനന്തപുരം ∙ ഇന്നും നാളെയും നടത്താനിരുന്ന ഗവ. കൊമേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ഡിഎസ്പി പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്.
സർവകലാശാലാ പരീക്ഷകൾ മാറ്റി
∙എംജി സർവകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട്.
∙കേരള സർവകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി/പ്രാക്ടിക്കൽ) മാറ്റി. പുതുക്കിയ തീയതി പിന്നീട്.
∙ആരോഗ്യ സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
മീഡിയ അക്കാദമി പരീക്ഷകൾ മാറ്റി
കൊച്ചി∙ കേരള മീഡിയ അക്കാദമി ഇന്ന് ആരംഭിക്കാനിരുന്ന പിജി ഡിപ്ലോമ പരീക്ഷകൾ മാറ്റിവച്ചു. തിയറി പരീക്ഷകൾ ഇനി ഓഗസ്റ്റ് 5 മുതൽ 14 വരെയും വൈവ 29,30,31 വരെയും നടക്കും. പുതുക്കിയ സമയക്രമം അക്കാദമി വെബ്‌സൈറ്റിൽ.
പരീക്ഷകളും മാറ്റണമെന്ന് ആവശ്യം
തിരുവനന്തപുരം∙ പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ അവധി പ്രഖ്യാപിക്കുന്നതോടൊപ്പം പരീക്ഷകളും മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്നുമുതലുള്ള പരീക്ഷകൾ പിഎസ്‌സി മാറ്റിവച്ചെങ്കിലും ഇന്നലെ പരീക്ഷകളുണ്ടായിരുന്നു. അവസാന നിമിഷം പരീക്ഷ മാറ്റാൻ കഴിയാതെ വന്നെന്നാണു വിശദീകരണം. ദുരന്തമേഖലകളിലെ പലർക്കും പരീക്ഷ എഴുതാൻ കഴിഞ്ഞിട്ടില്ല. ഇവർക്കു പരീക്ഷയെഴുതാൻ അവസരം നൽകണമെന്നാണ് ആവശ്യം. പരാതികൾ പരിശോധിച്ചു നടപടിയെടുക്കുമെന്നു പിഎസ്‌സി അധികൃതർ അറിയിച്ചു.
പിഎസ്‌സി പരീക്ഷകൾക്കായി വിദേശത്തുനിന്ന് അവധിയെടുത്തു വരുന്നവർ വരെയുണ്ടെന്നു മുൻ ചെയർമാൻ എം.കെ.സക്കീർ പറഞ്ഞു. എന്നാൽ, അടിയന്തര സാഹചര്യങ്ങളിൽ പിഎസ്‌സി പരീക്ഷകൾ ഒഴിവാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പൊലീസ് റിപ്പോർട്ടുകളും കമ്മിഷൻ ശേഖരിക്കാറുണ്ട്. പല സർവകലാശാലകളും അവധി പ്രഖ്യാപിക്കുമ്പോൾ പരീക്ഷകൾ മാറ്റിവയ്ക്കാറില്ല. സർവകലാശാലകളും ഇക്കാര്യത്തിൽ കുറെക്കൂടി മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.