ADVERTISEMENT

തിരുവനന്തപുരം ∙ തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടുമുണ്ട്.

കുറഞ്ഞ സമയം കൊണ്ടുള്ള വലിയ മഴ മൂലം മലവെള്ളപ്പാച്ചലിനും മിന്നൽപ്രളയങ്ങൾക്കും സാധ്യതയുണ്ട്. ഉരുൾപൊട്ടൽ–മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിൽനിന്നു മാറിത്താമസിക്കണം. നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടു രൂപപ്പെടാം.

വടക്കൻ കേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപ്പാത്തി സ്ഥിതി ചെയ്യുന്നതിനാൽ അടുത്ത 4 ദിവസം കൂടി വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്. ഇന്ന് മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശിയേക്കും. ഇന്നു രാത്രി 11.30 വരെ കേരള തീരത്ത് 2.1 – 2.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കു സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണകേന്ദ്രം അറിയിച്ചു.

മഴക്കെടുതികളിൽ 6 മരണം

തിരുവനന്തപുരം ∙ വയനാട് ഒഴികെ വിവിധ ജില്ലകളിലായി മഴക്കെടുതികളിൽ 6 മരണം; 2 പേരെ കാണാതായി.

∙ കോഴിക്കോട്: നാദാപുരം വിലങ്ങാട്ട് ഇന്നലെ പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിനിടെത്തുടർന്ന് വെള്ളക്കെട്ടിൽ വീണ് 3 വയസ്സുകാരൻ മുഹമ്മദ് സഹൽ മരിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനിറങ്ങിയ റിട്ട. അധ്യാപകൻ കെ.എ.മാത്യുവിനെ കാണാതായി. കണ്ണാടിക്കലിൽ കനാലിൽ വീണ് സുബൈർ (കുട്ടിമാൻ– 42) മരിച്ചു.

∙ പാലക്കാട്: നെന്മാറ സ്വദേശിനി പഴണ (70) വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണും ഷൊർണൂർ സ്വദേശി ഭാസ്കരൻ (57) ഒഴുക്കിൽപെട്ടും മരിച്ചു. മഴയിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽനിന്നു ഷോക്കേറ്റ് ചിറ്റൂർ 
സ്വദേശി ലക്ഷ്മണ കൗണ്ടർ (62) മരിച്ചു.

∙ തൃശൂർ: പുത്തൂർ സ്വദേശി അഖിലിനെ (28) മണലിപ്പുഴയിൽ വീണു കാണാതായി.

∙ ഇടുക്കി: അടിമാലി സ്വദേശി പി.എ.ശശിധരൻ (63) കനത്ത മഴയിൽ ഓടയിലെ കുത്തൊഴുക്കിൽപെട്ടു മരിച്ചു.

English Summary:

Orange alert in 5 northern districts of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com