70 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തം: 19 ദിവസത്തെ തിരച്ചിൽ; ഇനിയും കണ്ടെത്താനാകാതെ 4 പേർ
Mail This Article
തൊടുപുഴ ∙ 2020 ഓഗസ്റ്റ് 6ന് രാത്രി 10.40നാണ് തുള്ളിതോരാതെ പെയ്ത മഴയ്ക്കൊപ്പം ഉരുൾപൊട്ടലിന്റെ രൂപത്തിലെത്തിയ ദുരന്തം പെട്ടിമുടിയിലെ 4 ലൈൻ ലയങ്ങളിലുണ്ടായിരുന്ന 70 പേരുടെ ജീവനെടുത്തത്. 22 വീടുകളിലായി (ലയങ്ങൾ) കിടന്നുറങ്ങിയിരുന്ന തോട്ടം തൊഴിലാളികളും ബന്ധുക്കളുമായിരുന്നു മരിച്ചവർ.
ദുരന്തത്തിൽ മരിച്ച 66 പേരുടെ മൃതദേഹങ്ങളാണ് 19 ദിവസം നീണ്ടുനിന്ന തിരച്ചിലിൽ കണ്ടെടുത്തത്. 4 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർ മരിച്ചതായി കണക്കാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. അപകടത്തിൽനിന്ന് 8 കുടുംബങ്ങളാണ് രക്ഷപ്പെട്ടത്. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ 5 ലക്ഷം രൂപ വീതം അന്ന് നഷ്ടപരിഹാരം നൽകി. മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം രൂപ വീതമുള്ള ധനസഹായം ഇതുവരെ നൽകിയിട്ടില്ല.
ദുരന്തത്തിൽ ഉറ്റവർ നഷ്ടപ്പെട്ട് നിരാലംബരായ എട്ടു പേർക്ക് കുറ്റ്യാർവാലിയിൽ കണ്ണൻദേവൻ കമ്പനി വീടു നിർമിച്ചു നൽകിയിരുന്നു.