സങ്കടത്തുരുത്തായി സുബിൻ; വല്യുപ്പയും കുഞ്ഞനുജനും മണ്ണിനടിയിൽ
Mail This Article
മേപ്പാടി ∙ വല്യുപ്പയും ഒപ്പം കിടന്നുറങ്ങിയ കുഞ്ഞനുജനും മണ്ണിനടിയിൽ. വേദനതിന്ന് ഉമ്മ ആശുപത്രിക്കിടക്കയിൽ... വാക്കിലൊതുങ്ങില്ല, മുണ്ടക്കൈ പൊയ്തിനിപ്പാറയിലെ സുബിന്റെ സങ്കടം. ഉരുൾപൊട്ടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് മുണ്ടക്കൈയിലെ വീട്ടിൽ നിന്ന് അൽപം മാറി, ഉമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് മാറിയത്. കുത്തിയൊഴുകിയ ഉരുൾ വഴിമാറി അവിടേക്കുമെത്തി.
ഉമ്മ റൂബിയയും സുബിനും വീടിന്റെ മുകൾ നിലയിലായിരുന്നു. വല്യുപ്പ ബാപ്പൂട്ടിക്കൊപ്പം താഴെ നിലയിലായിരുന്നു കുഞ്ഞനുജൻ ഏഴാം ക്ലാസുകാരൻ ഷുഹൈബ് കിടന്നുറങ്ങിയത്. ഉമ്മയുടെ സഹോദരി റാബിയ, അവരുടെ ഭർത്താവ് നാസർ, മക്കളായ സുഹൈൽ, സിനാൻ, ഇസ്ഹാഖ് എന്നിവരും താഴത്തെ നിലയിലുണ്ടായിരുന്നു. വീടിനുള്ളിലേക്ക് ഇരച്ചെത്തിയ മണ്ണുംചെളിയും ഇവരെയെല്ലാം പുതച്ചുകളഞ്ഞു.
സൈന്യം നടത്തിയ രക്ഷാപ്രവർത്തനമാണ് 14 മണിക്കൂറിനു ശേഷം രക്ഷപ്പെടാൻ വഴിയൊരുക്കിയത്. സുഹൈലിനെയും ഇസ്ഹാഖിനെയും സൈന്യം എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. അനുജനും വല്യുപ്പയും ഉൾപ്പെടെ മറ്റുള്ളവരെല്ലാം വീടിന്റെ അവശിഷ്ടങ്ങളിൽ കുരുങ്ങിയിട്ടുണ്ടാകുമെന്ന് സുബിന് ഉറപ്പ്. പക്ഷേ, മേൽക്കൂരയും ചുമരും ചെളിയും മൂടിനിൽക്കുകയാണ്. ദുരന്തവിവരമറിഞ്ഞ് വിദേശത്തുള്ള ഉപ്പ പുറപ്പെട്ടിട്ടുണ്ട്.