വിറങ്ങലിച്ച് മകൾ, കരഞ്ഞ് പേരക്കുട്ടി; ഇരുവരെയും താങ്ങിയെടുത്ത് അതിസാഹസികമായി മലവെള്ളം നീന്തിക്കയറി മൊയ്തു
Mail This Article
ഏതു മരണക്കയത്തിലും ഉയർന്നുനിൽക്കും പ്രതീക്ഷയുടെ ആ പൊൻകരം; അതിലുണ്ട്, ജീവിതമെന്ന നിറപുഞ്ചിരി...
മരണത്തിലേക്കു വലിച്ചുതാഴ്ത്താൻ കരം വിരിച്ചെത്തിയ ജലത്തിനു മീതേ, 8 മാസം മാത്രം പ്രായമുള്ള പേരക്കുഞ്ഞിനെ ഉയർത്തിപ്പിടിച്ചുനിന്നു മുണ്ടക്കൈ സ്വദേശി മൊയ്തു ഓണപ്പറമ്പൻ. ഉരുൾപൊട്ടിയ തീവ്രസങ്കടങ്ങൾക്കിടെ പ്രതീക്ഷയുടെ പച്ചത്തുരുത്തായി ഈ അറുപതുകാരൻ. മൊയ്തുവെന്ന അഭയഗോപുരത്തെ മുറുകെപ്പിടിച്ചാണ് മകൾ റംഷീന ആ സങ്കടനേരമത്രയും താണ്ടിയത്. റംഷീനയുടെ മകൻ ഹൻസലിനെയാണ് മൊയ്തു പുതുജന്മത്തിലേക്ക് ഉയർത്തിപ്പിടിച്ചുനിന്നത്.
ഉരുൾപൊട്ടലിൽ വിറങ്ങലിച്ചുനിന്ന മകളെയും എട്ടുമാസമുള്ള പേരക്കുട്ടിയെയും താങ്ങിയെടുത്തു മുണ്ടക്കൈ സ്വദേശി ഓണപ്പറമ്പൻ മൊയ്തു എന്ന അറുപതുകാരൻ മലവെള്ളം നീന്തിക്കയറിയത് അതിസാഹസികമായി. ഭീതി നിറയ്ക്കുന്ന ആ സംഭവകഥയാണിത്...
∙ ഇരച്ചുപെയ്യുന്ന മഴ. വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയാണ് മൊയ്തു. തൊട്ടടുത്ത മുറിയിൽ മകൾ റംഷീനയും എട്ടുമാസമുള്ള പേരക്കുട്ടി ഹൻസലും.
∙ രണ്ടു മണിക്കൂർ മുൻപു വൈദ്യുതി നിലച്ചിരുന്നു. കനത്ത മഴയ്ക്കിടെ കാതടപ്പിക്കുന്ന ശബ്ദങ്ങൾ.
∙ മഴയ്ക്കിടെ ഉരുൾപൊട്ടലിന്റെ ശബ്ദം മനസ്സിലാകാതെ ഉറങ്ങുന്ന മൊയ്തു ശരീരത്തിലൊരു നനവുതട്ടി ഉണരുന്നു. വെള്ളം ഇരച്ചുകയറി കട്ടിലിന്റെ മുകളിൽ വരെയെത്തിയിരിക്കുന്നു.
∙ തൊട്ടടുത്ത മുറിയിൽനിന്നു നിലവിളികേട്ട മൊയ്തു ഞെട്ടലോടെ കട്ടിലിൽ നിന്നിറങ്ങി വെള്ളത്തിലൂടെ നീന്തി ഡൈനിങ് റൂമിലെത്തുന്നു. മുൻവശത്തെ വാതിലും ജനലുമൊക്കെ തകർത്തു വെള്ളം കുതിച്ചുകയറുന്നതു കണ്ടു പരിഭ്രാന്തനായി റംഷീനയുടെ മുറിയിലേക്ക്.
∙ ഒക്കത്തു കുഞ്ഞുമായി കട്ടിലിന്റെ മുകളിൽ കയറിനിന്നു നിലവിളിക്കുകയാണു റംഷീന.
∙ കുഞ്ഞും ഭയന്നു കരയുകയാണ്. കട്ടിലിലേക്കു കയറിനിന്ന ശേഷം മൊയ്തു കുഞ്ഞിനെയും മകളെയും ചേർത്തുപിടിക്കുന്നു.
∙ കട്ടിലിൽ കയറി നിന്നിട്ടും വെള്ളം വേഗം നെഞ്ചൊപ്പമെത്തുന്നു. മുറിയിൽ വട്ടംചുറ്റി ചുഴിപോലെ ഇരമ്പിയെത്തുന്ന വെള്ളം. നിലതെറ്റിവീണേക്കുമെന്നു ഭയന്ന് മൊയ്തു രക്ഷപ്പെടാൻ മാർഗം തിരഞ്ഞു. വാതിൽ അൽപം മാറിയാണ്. അവിടേക്ക് എത്തണമെങ്കിൽ വെള്ളത്തിന്റെ കുത്തൊഴുക്ക് നിലയ്ക്കണം...
∙ വെള്ളപ്പാച്ചിലിൽപെട്ട് ഒഴുകിപ്പോകാതിരിക്കാൻ മൊയ്തു കൈ മുകളിലേക്കു നീട്ടി സീലിങ് ഫാനിൽ അള്ളിപ്പിടിക്കുന്നു. റംഷീന ഉപ്പയുടെ തോളിൽ തൂങ്ങി. ഏതാനും സമയം അവർ അങ്ങനെനിന്നു. മൂക്കിലും വായിലുമടക്കം ചെളിവെള്ളവും മണ്ണും അടിച്ചുകയറുന്നു.
∙ പൊടുന്നനെ ഒഴുക്കിന്റെ വേഗമൊന്നു കുറയുന്നു. ഈ തക്കം നോക്കി മൊയ്തു കുഞ്ഞിനെ ഉയർത്തിപ്പിടിച്ചുകൊണ്ട് പുറത്തേക്കു മുങ്ങിയും പൊങ്ങിയും നീന്തുന്നു. പിന്നിൽ അള്ളിപ്പിടിച്ച നിലയിൽ റംഷീനയും. പിൻവാതിലൂടെ ഒരുവിധം വീടിന്റെ പുറത്തേക്ക്. ഉയരംകൂടിയ ഭാഗമായതിനാൽ മുറ്റത്തു വെള്ളം നെഞ്ചൊപ്പം മാത്രം. കുത്തൊഴുക്കിൽ മൊയ്തുവിന്റെ വസ്ത്രം ഉരിഞ്ഞുപോകുന്നു. എന്നിട്ടും കുഞ്ഞിന്റെ മേലുള്ള പിടിവിടാതെ റംഷീനയെയും വലിച്ചു മുകളിലേക്കു കയറുന്നു.
∙ റോഡിലെത്തി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു ജീപ്പ് പാഞ്ഞെത്തുന്നു.
∙ ജീപ്പിലെത്തിയവർ നീട്ടിയ തോർത്തുടുത്ത ശേഷം മൊയ്തു മകളെയും കുഞ്ഞിനെയും ജീപ്പിലേക്കു കയറ്റുന്നു. മരണം തൊട്ടുനോക്കി മടങ്ങിയ അനുഭവമോർത്തു വിറയലോടെ അവർ ജീപ്പിൽ സുരക്ഷിത സ്ഥാനത്തേക്ക്.
∙ തങ്ങളുടെ വീടിനെന്തു സംഭവിച്ചെന്നു മൊയ്തുവിനോ റംഷീനയ്ക്കോ അറിയില്ല. ഇരുട്ടിൽ ജീവനും വാരിപ്പിടിച്ചോടുമ്പോൾ വീടു നിലംപൊത്തിയോയെന്ന് അവർ നോക്കിയില്ല. മൊയ്തുവിന്റെ ഭാര്യ ഖദീജയും മൂത്ത മകളും ഈസമയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുകയായിരുന്നു. ഉരുൾപൊട്ടലിന്റെ തലേന്നു രാവിലെ ഇവർ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ആകേണ്ടിയിരുന്നതാണ്. എന്നാൽ, വീട്ടിലേക്കു പുറപ്പെടുന്നതിനു തൊട്ടുമുൻപു മകൾക്കൊരു വയറുവേദന അനുഭവപ്പെട്ടു. ഇതോടെ ഒരു ദിവസം കൂടി ആശുപത്രിയിൽ തങ്ങിയിട്ടു പോകാമെന്നു തീരുമാനിച്ചത് അവർക്കും രക്ഷയായി.
എഴുത്ത്: എസ്.പി.ശരത്, വര: സിദ്ദിഖ് അസീസിയ