പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 2 പേർക്ക് കഠിനതടവ്
Mail This Article
മൂന്നാർ ∙ പതിനേഴുകാരിയെ മർദിച്ചവശയാക്കിയ ശേഷം വാഹനത്തിൽ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിൽ വച്ചു പീഡിപ്പിച്ച കേസിൽ രണ്ടു പേർക്ക് കഠിനതടവും പിഴയും ശിക്ഷ. ഒരാളെ വിട്ടയച്ചു.
ഒന്നാം പ്രതി തമിഴ്നാട് ബോഡിനായ്ക്കന്നൂർ നന്നാവന തെരുവിൽ രവീന്ദ്രന്(34) 27 വർഷം കഠിനതടവും 1.40 ലക്ഷം രൂപ പിഴയും രണ്ടാം പ്രതി പൂപ്പാറ മൂലത്തറ സ്വദേശി രാജേഷിന്(സതീഷ്– 29) 10 വർഷവും 3 മാസവും കഠിന തടവും 35,000 രൂപ പിഴയുമാണ് ശിക്ഷ.
ദേവികുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി എം.ഐ.ജോൺസണാണ് ശിക്ഷ വിധിച്ചത്. മൂന്നാം പ്രതി തമിഴ്നാട് ഉത്തമപാളയം സ്വദേശി മുരുകേശനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ വിക്ടിം കോംപെൻസേഷൻ സ്കീമിൽ നിന്നു കൂടുതൽ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
2020 ഒക്ടോബർ ആറിനായിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലെന്നു മനസ്സിലാക്കിയ ശേഷം രണ്ടാം പ്രതിയായ രാജേഷ് വീട്ടിൽ കയറി പെൺകുട്ടിയെ മർദിച്ചവശയാക്കിയ ശേഷം മൂന്നാം പ്രതിയായിരുന്ന മുരുകേശന്റെ ജീപ്പിൽ കയറ്റി ബോഡിമെട്ടിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഒന്നാം പ്രതി പെൺകുട്ടിയെ ചെന്നൈ, മധുര എന്നിവിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്ന് രാജാക്കാട് എസ്എച്ച്ഒ കെ.എസ്.ജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ തമിഴ്നാട്ടിൽ നിന്നു പൊലീസ് കണ്ടെത്തി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സ്മിജു കെ.ദാസ് ഹാജരായി.