ADVERTISEMENT

പുഞ്ചിരിമട്ടം ∙ ചൂരൽമല അങ്ങാടിയിൽ നിന്ന് പുഞ്ചിരിമട്ടം ഗ്രാമത്തിലേക്ക് രണ്ടര കിലോമീറ്റർ ദൂരമേ ഉണ്ടായിരുന്നുള്ളു. പക്ഷേ 2 ഗ്രാമങ്ങളെ മണ്ണുവിഴുങ്ങിയ ആ രാത്രിക്കു ശേഷം ചൂരൽമലയിൽനിന്ന് പുഞ്ചിരിമട്ടത്തേക്ക് 3 പകലിന്റെ ദൂരമുണ്ടായിരുന്നു. മുണ്ടക്കൈയിലെ മൺകൂനകൾക്കു മുകളിലൂടെ 2 മണ്ണുമാന്തിയന്ത്രങ്ങൾ ഇവിടെയെത്തിയത് ഇന്നലെ ഉച്ചയ്ക്കു ശേഷം; ദുരന്തത്തിന്റെ മൂന്നാം ദിനം. 

മുണ്ടക്കൈ ഗ്രാമത്തിനുമപ്പുറത്താണ് പുഞ്ചിരിമട്ടം. ഉരുൾപൊട്ടലിൽ ചൂരൽമലയിലെ പാലം തകർന്നതോടെ മുണ്ടക്കൈയിലേക്ക് എത്താൻ‍ രക്ഷാപ്രവർത്തകർക്ക് കഴിയാതായി. പിന്നീട് സൈന്യം നിർമിച്ച നടപ്പാലത്തിലൂടെയാണ് രക്ഷാപ്രവർത്തകർ അവിടേക്കെത്തിയത്. അപ്പോഴും ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം ഒറ്റപ്പെട്ടുകിടക്കുകയായിരുന്നു. 

പുഴയിൽ വെള്ളം കുറഞ്ഞ സമയത്ത് 3 മണ്ണുമാന്തി യന്ത്രങ്ങളാണ് ആദ്യം ചൂരൽമലയിൽനിന്ന് അക്കരെയെത്തിയത്. എന്നാൽ മുണ്ടക്കൈയിലെ ദുരിതഭൂമിയിൽ തിരച്ചിൽ നടത്താൻ പോലും അതു മതിയാകുമായിരുന്നില്ല. 

ഇന്നലെ 2 വലിയ മണ്ണുമാന്തികൾ കൂടി അവിടെയെത്തി. മണ്ണും ചെളിയും നീക്കിയശേഷം അവ മലയോരത്തുകൂടി മുകളിലേക്ക് പതിയെക്കയറി. ഒപ്പം രക്ഷാപ്രവർത്തകരും. 

മുണ്ടക്കൈ അങ്ങാടിയിൽ നിന്ന് പുഞ്ചിരിമട്ടത്തേക്ക് പണ്ടുണ്ടായിരുന്ന റോഡിന്റെ ഒരു ഭാഗം മാത്രമാണ് അവശേഷിക്കുന്നത്. ആദ്യ 2 ദിനങ്ങളിൽ യന്ത്രങ്ങൾ എത്താതിരുന്നതിനാൽ തിരച്ചിൽ ദുഷ്കരമായിരുന്നു. 

കരച്ചിൽ പോലും ബാക്കിയില്ല 

പുഞ്ചിരിമട്ടം ∙ ഉരുൾപൊട്ടലിന്റെ ഭീകരത എന്താണെന്നറിയണമെങ്കിൽ പുഞ്ചിരിമട്ടമെന്ന ഗ്രാമത്തിലെത്തണം. കോടമഞ്ഞു മാറുമ്പോൾ അങ്ങു മലമുകളിൽ തെളിയുന്നതാണ് മണ്ണിടിച്ചിൽ തുടങ്ങിയ ഭാഗം. ഈ പ്രദേശത്ത് ഒരു വീടുപോലുമില്ലാതെ തകർന്ന് തരിപ്പണമായി. ജനവാസ കേന്ദ്രമായിരുന്ന പുഞ്ചിരിമട്ടത്ത് ഇപ്പോൾ വെറും കല്ലും മണ്ണും മാത്രം. 

ഉരുൾപൊട്ടലിനുശേഷം പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഈ പ്രദേശം. ആദ്യ ഉരുൾപൊട്ടലിനുശേഷം കുറച്ച് ആളുകളെ ഇവിടെ നിന്നു മാറ്റാൻ കഴിഞ്ഞിരുന്നു. രക്ഷാപ്രവർത്തനത്തിന് ഇടയിൽ രാവിലെ നാലിനു വീണ്ടും ഉരുൾപൊട്ടി. 

ഇതിനുശേഷം അവിടെ എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല. ഇവിടുത്തെ പാഡികളിൽ താമസിച്ചിരുന്ന അസം സ്വദേശികൾക്കും മറ്റു താമസക്കാർക്കും എന്തു സംഭവിച്ചു? മണ്ണിനടിയിൽ മറഞ്ഞു പോയ കെട്ടിടങ്ങൾക്കടിയിൽ മനുഷ്യരുണ്ടാവില്ലേ...? ഒന്നിനും ഉത്തരമില്ല.

English Summary:

Search in Punchiri Mattam starts after 3 days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com