ADVERTISEMENT

മേപ്പാടി ∙ 28 വർഷം വെള്ളാർമലയുടെ വെളിച്ചമായിരുന്നു മോഹൻരാജ് മാഷ്. രണ്ടാം വയസ്സിൽ ഇരുട്ടു കയറിപ്പോയ കണ്ണുമായി അധ്വാനിച്ചു പഠിച്ച് അധ്യാപകനായ മോഹൻ രാജിന്റെ ആദ്യ നിയമനം വെള്ളാർമല ഗവ. സ്കൂളിലായിരുന്നു. സ്കൂളിനു സമീപം വാടകയ്ക്കായിരുന്നു താമസം. സ്കൂളിൽ പഠിപ്പിച്ചു തുടങ്ങിയതോടെ കുട്ടികളുമായും രക്ഷിതാക്കളുമായും അടുത്തു.

കാഴ്ചപരിമിതിയുള്ള മാഷിന് വെള്ളാർമലയുടെ സകല ഊടുവഴികളിലും കൈപിടിച്ചു കൂട്ടു പോയത് നാട്ടുകാരായിരുന്നു. കണ്ണു കൊണ്ട് കണ്ടില്ലെങ്കിലും കരസ്പർശങ്ങളിലൂടെ ഓരോ മുഖവും ആഴത്തിൽ പതിഞ്ഞിട്ടുണ്ട് ആ ഹൃദയത്തിൽ. ഏത് ഉറക്കത്തിലും തിരിച്ചറിയും വിധം കുട്ടികളുടെയും രക്ഷിതാക്കളുടെയും ശബ്ദവും ആ കാതുകൾക്ക് പരിചിതം. ഭാര്യ ഗിരിജയ്ക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു ആ നാളുകൾ. വെള്ളാർമലക്കാർ ഓരോരുത്തരും അവർക്കും സ്വന്തം കുടുംബാംഗങ്ങൾ പോലെ അടുപ്പമുള്ളവർ. ഇവിടെ പഠിച്ചിരുന്ന മകനും ഈ നാടുമായുള്ളത് വലിയ ആത്മബന്ധം.

നെടുമ്പാല എൽപി സ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായാണ് മോഹൻരാജ് വിരമിച്ചത്. ഇപ്പോൾ താമസം മേപ്പാടിയിൽ. വെള്ളാർമലക്കാർക്കു സംഭവിച്ച ദുരന്തമറിഞ്ഞ് 3 ദിവസമായി മോഹൻരാജും ഭാര്യയും ദുരിതാശ്വാസ ക്യാംപുകളിലുണ്ട്. ആദ്യ ബാച്ച് മുതൽ പഠിപ്പിച്ചവർ, അവരുടെ മാതാപിതാക്കൾ, നാട്ടുകാർ... പലരെയും ഉരുളെടുത്തിരിക്കുന്നു. വീടുകളും കടകളും സ്കൂളുമെല്ലാം തകർന്നു. വെള്ളാർമലയിൽ അവർ താമസിച്ചിരുന്ന വീടും പുതിയ താമസക്കാരും ഒഴുകിപ്പോയിരിക്കുന്നു. 

English Summary:

Visually impaired teacher comforts disaster victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com