ADVERTISEMENT

മേപ്പാടി ∙ ‘അഞ്ച് കൂട്ടാരമ്മാര് പോയി. സ്കൂളിന്റെ ഗ്രൗണ്ട് പോയി. സ്റ്റേജ് പോയി.. ഓഡിറ്റോറിയം പോയി.. കഞ്ഞിപ്പൊര പോയി.. കൈ കഴ്ക്ന്ന സ്ഥലം പോയി.. അത് ഞങ്ങളെ സ്കൂളേ അല്ലാണ്ടായി.. ചൂരൽമലെന്നെ എവ്ടാന്ന് അറീല്ല.. അമ്മാരി കോലായ്ന്..’ ദുരന്തഭൂമിയായ വെള്ളാർമല സ്കൂളിന്റെ സ്ഥിതി വിവരിക്കുകയാണ് നാലാം ക്ലാസ്സുകാരൻ ഷിറാസ് മെഹവീർ. ‘ടീച്ചറ്മാര് വന്നിരുന്നു. ക്ലാസ് റൂമെല്ലാം പോയീന്ന് പറഞ്ഞു.’ – ഷിറാസ് തുടർന്നു. വെള്ളാർവയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി മേഘയ്ക്കു പറയാനുള്ളതും ഇല്ലാതായ സ്കൂളിനെക്കുറിച്ചു തന്നെ. ഇനി ക്ലാസ് എവിടെ നടത്തുമെന്ന് അറിയില്ല. മീറ്റിങ് വിളിച്ച് തീരുമാനിക്കുമെന്നാണ് ടീച്ചർമാർ പറഞ്ഞത്. 

പ്രിയപ്പെട്ടവരിൽ പലരെയും ഒഴുക്കിക്കളഞ്ഞ ചൂരൽമലയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ല ഇവരാരും. മേപ്പാടി സെന്റ് ജോസഫ്സ് സ്കൂളിലെ ക്യാംപിൽ സഹപാഠികൾ ഉൾപ്പെടെ വെള്ളാർമല സ്കൂളിലെ കുറേ കൂട്ടുകാരുണ്ട്. ആറാം ക്ലാസ്സുകാരൻ നിഹാൽ, അഞ്ചാം ക്ലാസ്സുകാരി സഞ്ജന, മൂന്നാം ക്ലാസ്സുകാരൻ ഫർഹാൻ, രണ്ടാം ക്ലാസ്സുകാരി ഫഹദ്, ഒന്നാം ക്ലാസ്സുകാരി മിൻഹ ഫാത്തിമ.. പിന്നെ പുത്തുമല ജിഎൽപി സ്കൂളിലെ മുഹമ്മദ് മുനവിർ, മുഹമ്മദ് റയാൻ, സഞ്ജീവ്.. മുണ്ടക്കൈ സ്കൂളിലെ എൽകെജിക്കാരൻ ഹനാൻ.. വേദനകൾ തൽക്കാലം മറന്ന് സെന്റ് ജോസഫ്സ് സ്കൂളിലെ പാർക്കിലിരിക്കുകയാണ് എല്ലാവരും. ഇടയ്ക്കിടെ ഓർമകൾ തിരയടിച്ചെത്തുമ്പോൾ അവർ തരിച്ചു നിൽക്കും. സങ്കടമേറുമ്പോൾ ഉറ്റവർക്കരികിലേക്ക് ഓടിയെത്തും. വിഷമം പങ്കുവയ്ക്കും... അയൽക്കാരെയും ബന്ധുക്കളും ഉൾപ്പെടെ പ്രിയപ്പെട്ടവരിൽ പലരെയും നഷ്ടപ്പെട്ട അവർ എന്തൊക്കെയോ പറഞ്ഞ് കുഞ്ഞുങ്ങളെ ചേർത്തു നിർത്തി ആശ്വസിപ്പിക്കും. ഉറ്റവരാരും ബാക്കിയില്ലാത്ത കുഞ്ഞുങ്ങളുമുണ്ട് ക്യാംപുകളി‍ൽ. 

കളിക്കാനും വഴക്കിടാനും ഇനി അവരില്ല; 5 സഹപാഠികളെ നഷ്ടമായതിന്റെ വേദനയെക്കുറിച്ചു ധനുശ്രീ...

‘വെള്ളാർമല ജിഎച്ച്എസ്എസിലെ 10 ബിയിൽ ഒന്നിച്ചു പഠിച്ചും കളിച്ചും ചിരിച്ചും നടന്ന 5 പേർ ഇപ്പോൾ എന്നോടൊപ്പമില്ല. മിനിഹയും അനുഗ്രഹും അഭിനവും അൽഫിനാസും ഷഹ്‍വിനും ഉരുൾവെള്ളത്തോടൊപ്പം പോയെന്ന് എല്ലാവരും പറയുന്നു. കഴിഞ്ഞ ദിവസം വരെ ഇവരെക്കുറിച്ചു പറയുമ്പോഴെല്ലാം ചിരിയും സന്തോഷവുമാണു തോന്നിയിരുന്നത്. ഇപ്പോൾ വല്ലാത്ത സങ്കടം വരുന്നു. ഇനി ആ പേരുകൾ ഓർക്കുമ്പോഴെല്ലാം ഇതേ സങ്കടം തോന്നുമെന്ന് എനിക്കറിയാം, എത്രകാലം കഴിഞ്ഞാലും ആ വേദന മാറാൻ പോകുന്നില്ലെന്നുമറിയാം. പുഴയിലെ വെള്ളം കൂടിയതും അപകട സാധ്യതയുണ്ടെന്നറിഞ്ഞതുമൊക്കെ പറഞ്ഞു കൊണ്ടാണു വെള്ളിയാഴ്ച ഞങ്ങൾ ടാറ്റാ പറഞ്ഞു പിരിഞ്ഞത്. 

സ്കൂളിൽ ദുരിതാശ്വാസ ക്യാംപുള്ളതിനാൽ ഇനിയെന്നു കാണാൻ കഴിയുമെന്നു ഞങ്ങൾക്കറിയില്ലായിരുന്നു. ഞങ്ങളുടെ സ്കൂളിന്റെ പാതിയോളം മലവെള്ളത്തിൽ ഒലിച്ചു പോയെന്നൊക്കെ എല്ലാവരും പറയുന്നു. ഇനിയവ‍ിടെ ഞങ്ങൾക്കു പഠിക്കാൻ കഴിയുമോയെന്നും അറിയില്ല.

English Summary:

Words of school students who lost their friends in wayanad landslide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com