ADVERTISEMENT

തിരുവനന്തപുരം ∙ എസ്എസ് എൽസി പരീക്ഷ ജയിക്കാൻ എഴുത്തുപരീക്ഷയിൽ 30% മാർക്ക് നേടണമെന്ന പരിഷ്കാരം ഈ അധ്യയന വർഷം നടപ്പാക്കില്ല. 2027 മാർച്ചിലെ എസ്എസ്എൽസി പരീക്ഷ മുതലാകും ഇതു പ്രാബല്യത്തിലാകുക. അതിനു മുന്നോടിയായി ഈ അധ്യയന വർഷം 8–ാം ക്ലാസിലും അടുത്ത അധ്യയന വർഷം 8,9 ക്ലാസുകളിലും വാർഷിക പരീക്ഷയിൽ ഈ പരിഷ്കാരം നടപ്പാക്കിത്തുടങ്ങാനാണു പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം. അതിന്റെ തുടർച്ചയായി, നിലവിലെ എട്ടാം ക്ലാസുകാർ 10–ാം ക്ലാസിലെത്തുന്നതു മുതലാകും എസ്എസ്എൽസിയിലും പരിഷ്കാരം നടപ്പാക്കുക.

ഈ അധ്യയന വർഷം മുതൽ നിലവിലെ 10–ാം ക്ലാസുകാർക്ക് ഒറ്റയടിക്ക് ഈ പരിഷ്കാരം നടപ്പാക്കിയാൽ ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. നിലവിലെ എട്ടാം ക്ലാസുകാർക്ക് ഈ രീതി തുടങ്ങിയ ശേഷം അവർ 10–ാം ക്ലാസിലെത്തുമ്പോൾ മുതൽ എസ്എസ്എൽസിക്കും ബാധകമാക്കിയാൽ പ്രശ്നമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ 9–ാം ക്ലാസ് വരെ ഗ്രേഡും മാർക്കും മാനദണ്ഡമാക്കാതെ എല്ലാവർക്കും സ്ഥാനക്കയറ്റം നൽകുന്ന രീതിയാണ്. ഇതിലും പരിഷ്കാരം വരുത്താനാണ് സർക്കാർ നീക്കം. 8,9 ക്ലാസുകളിലെ വാർഷിക എഴുത്തുപരീക്ഷയിൽ 30% മാർക്ക് നേടണമെന്ന നിബന്ധന നടപ്പാക്കുമ്പോഴും അത് നേടാത്തതിന്റെ പേരിൽ ആർക്കും അടുത്ത ക്ലാസിലേക്കുള്ള സ്ഥാനക്കയറ്റം തടയില്ല. പകരം അവരും ആ നിലവാരം നേടിയെന്ന് ഉറപ്പാക്കിയ ശേഷം സ്ഥാനക്കയറ്റം നൽകാനാണ് തീരുമാനം. അതിനായി ഈ വിദ്യാർഥികൾക്ക് അധ്യാപക പിന്തുണയോടെ അവധിക്കാല പഠനമൊരുക്കി ‘സേവ് എ ഇയർ’ (സേ) പരീക്ഷ നടത്തുന്നതാണ് പരിഗണനയിൽ. എസ്‌സിഇആർടി ശുപാർശ ചെയ്യുന്നതും ഇതാണ്.

സ്കൂൾ തലത്തിൽ നൽകുന്ന തുടർമൂല്യനിർണയത്തിന്റെ 20% മാർക്കും എസ്എസ്എൽസി എഴുത്തുപരീക്ഷയിലെ മാർക്കും ചേർത്ത് 30% നേടിയാൽ ജയിക്കാമെന്നതാണ് നിലവിലെ രീതി. തുടർമൂല്യനിർണയത്തിന് ബഹുഭൂരിപക്ഷം കുട്ടികൾക്കും 20% മാർക്കും നൽകുന്നതിനാൽ എഴുത്തുപരീക്ഷയിൽ 10% മാർക്ക് നേടിയാലും ജയിക്കാനാകും. ഇതു നിലവാരം ഇടിക്കുന്നതായുള്ള വിലയിരുത്തലിനെ തുടർന്നാണ് ഈ അധ്യയന വർഷം മുതൽ എസ്എസ്എൽസി വിജയമാനദണ്ഡം എഴുത്തുപരീക്ഷയിൽ 30% മാർക്ക് ആക്കി പരിഷ്കരിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചത്.

ഈ തീരുമാനത്തെ വിദ്യാഭ്യാസ വിദഗ്ധരടക്കം സ്വാഗതം ചെയ്തെങ്കിലും സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎയും ശാസ്ത്രസാഹിത്യ പരിഷത്തും എതിർത്തതു വിവാദമായിരുന്നു. സർക്കാരും സിപിഎമ്മും ഇടപെട്ടതോടെ കെഎസ്ടിഎ നിലപാട് മയപ്പെടുത്തിയെങ്കിലും പരിഷത്ത് ഇതിനെതിരായ പ്രചാരണ പരിപാടിയുമായി രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഘട്ടംഘട്ടമായി പരീക്ഷാ പരിഷ്കാരം നടപ്പാക്കാനുള്ള പുതിയ തീരുമാനം.

English Summary:

Thirty percent marks in written test is not compulsory in SSLC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com