സാമ്പത്തിക തട്ടിപ്പ്: സുന്ദർ മേനോൻ അറസ്റ്റിൽ
Mail This Article
തൃശൂർ ∙സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഹീവാൻ നിധി ലിമിറ്റഡ് ചെയർമാൻ ടി.എ.സുന്ദർ മേനോൻ അറസ്റ്റിൽ. ജില്ലാ ക്രൈംബ്രാഞ്ചാണ് ഇന്നലെ ഇദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിലെത്തി അറസ്റ്റു രേഖപ്പെടുത്തിയത്. പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹീവാൻ നിധി ലിമിറ്റഡ്, ഹീവാൻ ഫിനാൻസ് എന്നീ സ്ഥാപനങ്ങൾ വഴി കോടികൾ തട്ടിപ്പു നടത്തിയെന്നാണു പരാതി.
പതിനെട്ടോളം കേസുകൾ നിലവിലുണ്ട്. വൻ പലിശ വാഗ്ദാനം ചെയ്തു നിക്ഷേപങ്ങൾ സ്വീകരിക്കുകയും പലിശയോ നിക്ഷേപമോ തിരിച്ചു നൽകാതിരിക്കുകയും ചെയ്തതായാണു പരാതി. സ്ഥാപനത്തിൽ നിന്നു വായ്പയെടുത്തു തുക തിരിച്ചടയ്ക്കാത്ത സംഭവങ്ങളുമുണ്ട്. ജില്ലയിലും പുറത്തുമായി ഇരുപതിലധികം ശാഖകളും ആയിരത്തിലേറെ നിക്ഷേപകരും ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നു.
നിക്ഷേപകരിൽ ചിലർ മുഖ്യമന്ത്രിക്കു പരാതി നൽകിയതോടെ തൃശൂർ വെസ്റ്റ് സ്റ്റേഷനിലുണ്ടായിരുന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ മേയിൽ ഹീവാൻ നിധി ലിമിറ്റഡിന്റെയും ഹീവാൻ ഫിനാൻസിന്റെയും സ്വത്ത് കണ്ടുകെട്ടാൻ ബഡ്സ് ആക്ട് (2019) പ്രകാരം കലക്ടർ ഉത്തരവിട്ടിരുന്നു.
കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ സി.എസ്.ശ്രീനിവാസൻ ഉൾപ്പെടെയുള്ളവർ സ്ഥാപനത്തിന്റെ പ്രധാന സ്ഥാനങ്ങളിൽ ഉണ്ടായിരുന്നു. ഇദ്ദേഹത്തെ ഉൾപ്പെടെ പ്രതിചേർത്തിട്ടുണ്ട്. പരാതി വന്നതോടെ ആദ്യഘട്ടത്തിൽ തന്നെ സുന്ദർമേനോൻ ഉൾപ്പെടെയുള്ളവർ സ്ഥാപനത്തിലെ സ്ഥാനങ്ങൾ രാജിവച്ചിരുന്നു. സുന്ദർ മേനോനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.