കേന്ദ്രകാലാവസ്ഥാ വകുപ്പ് വെബ്സൈറ്റ് പ്രവർത്തനം തടസ്സപ്പെട്ടു
Mail This Article
പത്തനംതിട്ട ∙ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വെബ്സൈറ്റിന്റെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു. ഇന്നലെ പുലർച്ചെ മുതൽ ഉച്ച വരെ സംസ്ഥാനത്തെ 21 ഓട്ടമാറ്റിക് വെതർ സ്റ്റേഷനു (എഡബ്ല്യുഎസ്) കളിലെ വിവരങ്ങൾ മാത്രമാണു വെബ്സൈറ്റിൽ ലഭിച്ചത്. പുണെ ഓഫിസുമായി ബന്ധപ്പെട്ട നെറ്റ്‌വർക്ക് തകരാറാണു പ്രശ്നത്തിനു കാരണമെന്ന് അധികൃതർ പറഞ്ഞു.
സംസ്ഥാനത്താകെ 130 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളാണ് ഐഎംഡിക്കു കീഴിലുള്ളത്. നിരീക്ഷണ കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമായിരുന്നെന്നും ഡേറ്റ സുരക്ഷിതമാണെന്നും വെബ്സൈറ്റിലേക്ക് വിവരങ്ങൾ ലഭിക്കുന്നതിലാണ് തടസ്സം നേരിട്ടതെന്നും അധികൃതർ പറഞ്ഞു.
ഇന്നലെ രാവിലെ മലബാർ മേഖലയിൽ ശക്തമായ മഴ ലഭിച്ചിരുന്നു. പ്രാദേശിക വിവരങ്ങൾക്കായി ജില്ലാ ഭരണകൂടങ്ങൾ ഉൾപ്പെടെ ഐഎംഡി വെബ്സൈറ്റിൽ പരിശോധിച്ചപ്പോൾ വിവരങ്ങൾ ലഭിക്കാത്ത അവസ്ഥയായിരുന്നു. പല ജില്ലകളിലെയും ഒരു നിരീക്ഷണ കേന്ദ്രത്തിലെ വിവരം പോലും ലഭിക്കുന്നില്ലായിരുന്നു. ഇന്നലെ ഉച്ചയോടെ പ്രവർത്തനം പൂർവ സ്ഥിതിയിലായി.
എഡബ്ല്യുഎസിൽ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ സാധുത പരിശോധിച്ച ശേഷം ഔദ്യോഗികമായി കണക്കിലെടുക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. മഴയുടെ അളവിൽ ഉൾപ്പെടെ തെറ്റായ വിവരങ്ങൾ ചില എഡബ്ലുഎസുകളിൽ ഇപ്പോഴും കാണിക്കുന്നുണ്ട്.
2018 ലെ പ്രളയത്തിനു ശേഷം സംസ്ഥാനത്തെ കാലാവസ്ഥാ സ്റ്റേഷനുകളുടെ എണ്ണത്തിൽ വർധന വേണമെന്ന് നിർദേശമുണ്ടായിരുന്നു. മഴയ്ക്കൊപ്പം ചൂട്, കാറ്റിന്റെ ഗതി, അന്തരീക്ഷത്തിലെ ആർദ്രത തുടങ്ങിയ കാലാവസ്ഥാ വിവരങ്ങളും തത്സമയം ലഭ്യമാകും.