നിവേദ്, നിരാശ ബാക്കി; ആശ്വാസമായി അവ്യക്ത്
Mail This Article
ചേവായൂർ (കോഴിക്കോട്) ∙ ചൂരൽമലയിലെ ഉരുൾപൊട്ടലിൽ പരുക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനീഷിനെയും ഭാര്യയെയും ഇനിയെങ്ങനെ ആശ്വസിപ്പിക്കും? ഇവരുടെ കാണാതായ 3 മക്കളിൽ ഒരാളെയെങ്കിലും കണ്ടെത്തിയതിന്റെ ആശ്വാസത്തിലായിരുന്നു ബന്ധുക്കൾ. എന്നാൽ ആ പ്രതീക്ഷ തെറ്റി. വെള്ളാർമല മുള്ളത്തിൽതെരുവിൽ അനീഷിന്റെ മകൻ നിവേദ് (9) എന്ന പേരിൽ ജൂലൈ 30നു കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ച ബാലൻ മറ്റൊരു കുടുംബാംഗമാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞു. ശ്വാസകോശത്തിൽ വെള്ളം കയറിയ നിലയിൽ തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന ആ കുട്ടി വെള്ളാർമല കിഴക്കേതെക്കുംകര മഹേഷ് - രമ്യ ദമ്പതികളുടെ മകൻ അവ്യക്ത് ആണെന്നു ബന്ധുക്കൾ ഉറപ്പിച്ചു.
ചൂരൽമലയിൽ നിന്നു സന്നദ്ധപ്രവർത്തകർ രക്ഷിച്ച കുട്ടിയുടെ ഫോട്ടോ കണ്ട് അവ്യക്ത് ആണെന്നു സംശയം തോന്നിയാണു മഹേഷ് - രമ്യ ദമ്പതികളുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം രാവിലെ മെഡിക്കൽ കോളജ് പൊലീസ് മുഖേന ആശുപത്രിയിൽ എത്തിയത്. ബന്ധുക്കൾ വീട്ടിൽ വിളിക്കുന്ന പേരായ ‘തക്കുടു’ എന്നു വിളിച്ചപ്പോൾ കുട്ടി പ്രതികരിച്ചു. അതിനിടെ, അനീഷിന്റെ ബന്ധുക്കൾ കൂടുതൽ ഫോട്ടോയും മറ്റും കണ്ട് ഇത് അനീഷിന്റെ കുട്ടിയല്ലെന്ന് ഉറപ്പിച്ചു. അവർ ഈ വിവരം കുട്ടിയുടെ പിതാവായ മഹേഷിന്റെ സഹോദരൻ മനോജിനെ അറിയിച്ചതോടെ കുട്ടിക്ക് എല്ലാ സംരക്ഷണവും ചികിത്സയും നൽകിയ അനീഷിന്റെ ബന്ധുക്കളോട് മനോജ് നന്ദി പറഞ്ഞു. അനീഷിന്റെ ഒരു കുട്ടിയെ എങ്കിലും രക്ഷിക്കാൻ ബന്ധുക്കൾ താമരശ്ശേരി, ഈങ്ങാപ്പുഴ റൂട്ടിലെ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തരണം ചെയ്ത് ഏറെ ബുദ്ധിമുട്ടിയാണ് ആംബുലൻസിൽ വയനാട്ടിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചത്.
ഉരുൾപൊട്ടലിൽ അവ്യക്തിന്റെ പിതാവ് മഹേഷ്, സഹോദരി, മഹേഷിന്റെ അമ്മ എന്നിവരെ കാണാതായി. അമ്മ രമ്യ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.