ആറാംനാൾ കൽപറ്റയിൽ തിരിച്ചെത്തി, മുണ്ടക്കൈയുടെ ‘ലാസ്റ്റ് ബസ്’
Mail This Article
ചൂരൽമല∙ ആറു ദിവസം ചൂരൽമലയുടെ ദുരിതങ്ങൾ നേരിട്ടു കണ്ട ആ ‘ലാസ്റ്റ് ബസ്’ ഇന്നലെ കൽപ്പറ്റയിൽ തിരിച്ചെത്തി. വർഷങ്ങളായി കൽപ്പറ്റയിൽനിന്നു രാത്രിയിൽ മുണ്ടക്കൈയിലേക്ക് ഓടുകയും രാത്രി ചൂരൽമലയിൽ നിർത്തിയിടുകയും ചെയ്യുന്ന അവസാനബസ് ആറുദിവസമായി പുഴയ്ക്കക്കരെ കുടുങ്ങിക്കിടക്കുകയായിരുന്നു.
പതിവുപോലെ 29നും ബസ് ഒൻപതേമുക്കാലോടെ മുണ്ടക്കൈയിലെത്തി. ചൂരൽമല ക്ഷേത്രത്തിനു സമീപമുള്ള ക്ലിനിക്കു മുൻപിൽ ബസ് പാർക്ക് ചെയ്ത്, ക്ലിനിക്കിനോടു ചേർന്നുള്ള മുറിയിലാണ് ഡ്രൈവറും കണ്ടക്ടറും രാത്രി ഉറങ്ങാറുള്ളത്. ചൊവ്വ രാവിലെ ഒരു മണിയോടെയാണ് ഉരുൾ പൊട്ടിയത്. പക്ഷേ അതു ചൂരൽമലയിൽനിന്നു രണ്ടരകിലോമീറ്റർ ദൂരെയായതിനാൽ ബസിന്റെ കണ്ടക്ടർ സി.കെ.മുഹമ്മദ് കുഞ്ഞിയും ഡ്രൈവർ പി.വി.സജിത്തും ശബ്ദം കേട്ടില്ല. നാലുമണിയോടെ വീണ്ടും ഉരുൾപൊട്ടി. പാറക്കല്ലുകളും മരങ്ങളും ഒഴുകിവന്ന് ഇടിക്കുന്നതിന്റെ ശബ്ദം കേട്ടാണ് ഇരുവരും എഴുന്നേറ്റത്. സുരക്ഷിതരാണെന്ന് ഇരുവരും കൽപറ്റ സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചെങ്കിലും ബസിനു പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു.
ബസ് നിർത്തിയിട്ടയിടം ചെളി മൂടി കിടക്കുകയുമായിരുന്നു. ഇന്നലെ ഉച്ചയോടെ ചെളി നീക്കി വഴിയൊരുക്കിയാണ് ബസ് ബെയ്‌ലി പാലം കടന്ന് കൽപറ്റയിലെത്തിച്ചത്.