കിങ്ങിണിത്തത്ത ചിറകടിച്ചുണർത്തി, വിനോദിന്റെ വിളിയിൽ രക്ഷപ്പെട്ടത് സുഹൃത്തുക്കളുടെ കുടുംബങ്ങൾ
Mail This Article
മുണ്ടക്കൈ∙ പ്രളയമൊഴിഞ്ഞു കരതെളിഞ്ഞെന്നു നോഹയെ അറിയിച്ചത് പ്രാവായിരുന്നെങ്കിൽ ഉരുൾപൊട്ടലിന്റെ മുന്നറിയിപ്പ് ചൂരൽമല സ്വദേശിയായ കിഴക്കേപ്പറമ്പിൽ കെ.എം.വിനോദിനു നൽകിയത് അരുമയായി വളർത്തിയ തത്ത ‘കിങ്ങിണി’യാണ്. ഇതുകൊണ്ടു രക്ഷപ്പെട്ടതാകട്ടെ വിനോദിന്റെ സുഹൃത്തുക്കളുടെ കുടുംബങ്ങളും.
ഉരുൾപൊട്ടലിന്റെ തലേന്നു വൈകിട്ട് വിനോദും കുടുംബവും കോളനി റോഡിൽ താമസിക്കുന്ന സഹോദരി നന്ദയുടെ വീട്ടിലേക്കു മാറിയിരുന്നു. കൂട ഉൾപ്പെടെ കിങ്ങിണിയെയും കൂടെക്കൂട്ടി. പിറ്റേന്നു പുലർച്ചെ രണ്ടാമത്തെ വലിയ ഉരുൾപൊട്ടലിനു കുറച്ചുനേരം മുൻപ് കിങ്ങിണി ഒച്ചയുണ്ടാക്കാൻ തുടങ്ങിയതായി വിനോദ് പറയുന്നു. ‘തൂവലുകൾ പറിഞ്ഞുപോരും വിധം കൂടിന്റെ ഇരുമ്പുകമ്പികളിൽ വന്നിടിക്കുകയും വലിയ ഒച്ചയുണ്ടാക്കുകയും ചെയ്തു. ഇതുകേട്ടാണ് ഞാൻ ഉണരുന്നത്. ചൂരൽമല പ്രദേശത്തെ സ്ഥിതി അറിയാവുന്നതിനാൽ എനിക്ക് ഇതിലെന്തോ പന്തികേടു തോന്നി. ഉടനെ തന്നെ ചൂരൽമലയിലെ അയിൽവാസികളായ ജിജിൻ, പ്രശാന്ത്, അഷ്കർ എന്നിവരെ വിളിക്കുകയായിരുന്നു. ഫോണെടുക്കാൻ ഉണർന്ന ഇവർ വീടിനു പുറത്തുനോക്കിയപ്പോഴാണ് ചെളിവെള്ളം ഒഴുകിയെത്തുന്നതു കാണുന്നത്. ഉടൻതന്നെ അവിടെനിന്നു മാറി’ –വിനോദ് പറഞ്ഞു.
വിനോദിന്റെയും സുഹൃത്ത് ജിജിന്റെയും വീടു പൂർണമായും തകർന്നു; അഷ്കറിന്റെയും പ്രശാന്തിന്റെയും വീട് ഭാഗികമായും.
നിലവിൽ മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ക്യാംപിലാണു വിനോദും കുടുംബവും.