എയിംസ്: ലോക്സഭയിൽ കേരള എംപിമാരുടെ പ്രതിഷേധം, ഇറങ്ങിപ്പോക്ക്
Mail This Article
ന്യൂഡൽഹി ∙ സംസ്ഥാനത്ത് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പുനൽകാത്തതിനാൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് എയിംസുകളെക്കുറിച്ച് മന്ത്രി ജെ.പി.നഡ്ഡ പരാമർശിച്ചത്.
ഇതോടെയാണ് കേരളത്തിലെ എയിംസിനെക്കുറിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങൾ എഴുന്നേറ്റത്. വികാരത്തെ പൂർണമായും മാനിക്കുന്നുവെന്നും പ്രസംഗിക്കാൻ അനുവദിക്കണമെന്നും നഡ്ഡ ആവശ്യപ്പെട്ടു. ബഹളം വീണ്ടും ഉയർന്നതോടെ രാഷ്ട്രീയം കളിക്കാനാണ് ഉദ്ദേശ്യമെങ്കിൽ, അതാകാമെന്നും സത്യം മനസ്സിലാക്കണമെങ്കിൽ പറയുന്നത് കേൾക്കണമെന്നും നഡ്ഡ തുറന്നടിച്ചു. തനിക്ക് സംരക്ഷണം വേണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടു.
ബഹളം തുടർന്നെങ്കിലും കേരളത്തെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം തയാറായില്ല. തുടർന്നാണ് എയിംസ് വേണമെന്ന മുദ്രാവാക്യം ഉയർത്തി അംഗങ്ങൾ ഇറങ്ങിപ്പോയത്. നഡ്ഡ 2014ൽ ആരോഗ്യമന്ത്രിയായിരുന്നപ്പോൾ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് പറഞ്ഞിട്ടും അത് പാലിച്ചില്ലെന്ന് കെ.സി.വേണുഗോപാൽ പ്രതികരിച്ചു. കേരളത്തിന് എയിംസ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് എം.കെ.രാഘവൻ ലോക്സഭയിൽ ആവശ്യപ്പെട്ടു.